yoga

ആർഷഭാരതം മാനവരാശിക്ക് നൽകിയ അമൂല്യ സംഭാവനകളിലൊന്നാണ് യോഗ. ഋഷികൾ ജീവിതചര്യയായി കാത്തുസൂക്ഷിച്ചിരുന്ന ഒരു സപര്യയാണ് യോഗ എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.

ഋഷികളുടെയും മുനിമാരുടെയും ലോകത്ത് നിന്ന് സാധാരണക്കാരിലേക്ക് യോഗയെന്ന ശാസ്ത്രത്തെ എത്തിച്ചത് പതഞ്ജലി മഹർഷിയാണ്.

196 ശ്ലോകങ്ങൾ അടങ്ങുന്ന യോഗസൂത്രം എന്ന അദ്ദേഹത്തിന്റെ വിശിഷ്ട ഗ്രന്ഥമാണ് ഋഷികളിൽ നിന്നും ബ്രഹ്മചാരികളിൽ നിന്നും സാധാരണക്കാരന്റെയും ഗൃഹസ്ഥരുടെയും ഇടയിലേക്ക് യോഗയെ എത്തിച്ചത്. അതിന് ശേഷം 'യോഗ വീക്ഷണം' കൂടുതൽ ജനങ്ങളിലേക്കെത്തിച്ചത് ഭഗവത്ഗീതയും ഗീതാപാരായണവുമാണെന്ന് നിസംശയം പറയാം.

യോഗ എന്ന വാക്കിന് വളരെ ലളിതമായ ഒരു അർത്ഥം 'ഒത്തു ചേരൽ' അല്ലെങ്കിൽ 'താദാത്മ്യം പ്രാപിക്കുക' എന്ന് വേണമെങ്കിൽ പറയാം. മനസും ശരീരവും, ചിന്തയും വാക്കും, വാക്കും പ്രവർത്തിയും, മനസും ആത്മാവും തമ്മിലൊക്കയുള്ള ഒത്തുചേരലാണ് യോഗ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. മനസും ശരീരവും ധ്യാനത്തിലൂടെ ആത്മാവിനെ അല്ലെങ്കിൽ സ്വന്തം അസ്ഥിത്വത്തെ മനസിലാക്കുന്നിടത്താണ് യോഗ സമ്പൂർണ്ണമാകുന്നത്.

ഇന്ന് യോഗ എന്ന പ്രക്രിയ ആത്മീയാവിഷ്‌കാരത്തിന്റെയും ധ്യാനത്തിന്റെയുമൊക്കെ അർത്ഥ സാഫല്യത്തിൽ നിന്ന് ഹഠ യോഗത്തിൽ പ്രതിപാദിച്ചിരിക്കുന്ന ആസനങ്ങളിലെത്തിനിൽക്കുന്നത് ആധുനിക ജീവിതശൈലിയുടെ തന്നെ പ്രതിഫലനമായിട്ടുവേണം കാണാൻ.

ശാന്തിയിലും സമാധാനത്തിലും, കൂടെ സ്വസ്ഥതയിലും സ്വാസ്ഥ്യത്തിലുമെത്താൻ യോഗാസനങ്ങൾ ഉതകുന്നുവെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുള്ളതാണ്. തുടർന്ന് അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഹഠ യോഗത്തിന് ലഭിച്ചിട്ടുള്ള അംഗീകാരവും പ്രചാരവും കണക്കിലെടുത്താകണം ഐക്യരാഷ്ട്ര സഭയുടെ 2014 സെപ്തംബർ 27 ന് നടന്ന യോഗത്തിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യർത്ഥന സ്വീകരിച്ച്, സഭ 2015 ജൂൺ 21 മുതൽ അന്നേദിവസം അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ആ തീരുമാനത്തിന് 177 ലോകരാഷ്ട്രങ്ങളുടെ പിന്തുണയുണ്ടായിരുന്നു എന്നത് ഭാരതത്തിന് അഭിമാനിക്കാവുന്നതാണ്.

ഹഠയോഗത്തിന്റെ പ്രധാന സംഭാവനകളായ ധ്യാനവും പ്രാണായാമവും യോഗാസനങ്ങളും യോഗനിദ്ര‌യുംമൊക്കെ ഇന്ന് ലോകത്ത് പ്രചുര പ്രചാരം നേടിക്കഴിഞ്ഞു. അമേരിക്കയിൽ മാത്രം ഏതാണ്ട് ബില്യൺ ഡോളർ ബിസിനസായി യോഗ ഇതിനകം മാറിയിട്ടുണ്ട്.

കച്ചവട താൽപര്യങ്ങൾക്ക് അതീതമായി യോഗയെ ഇന്ന് പല രാജ്യങ്ങളും കാര്യമായിത്തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന കാര്യം ചാരിതാർത്ഥ്യ ജനകമാണ്.

കൊവിഡ് കാലത്ത് പ്രാണായാമവും യോഗാസനങ്ങളും രോഗപ്രതിരോധത്തിന് അനുയോജ്യമാണ് എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. യോഗ നമ്മുടെ, പ്രത്യേകിച്ചും പുത്തൻ തലമുറയുടെ ജീവിതശൈലിയുടെ ഒരുഭാഗമാക്കി മാറ്റാൻ കഴിഞ്ഞാൽ, ജീവിതശൈലി രോഗങ്ങളെയും കൊവിഡ് പോലുള്ള മഹാമാരികളെയും വലിയൊരു അളവുവരെ തടഞ്ഞു നിർത്താൻ കഴിയുമെന്ന തിരിച്ചറിവാകട്ടെ ഈ യോഗ ദിനത്തിന്റെ മുഖമുദ്ര.

കേണൽ രാജീവ് മണ്ണാളി,
ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ,
എസ്. യു.ടി ആശുപത്രി, പട്ടം,

തിരുവനന്തപുരം.