ഗൂഗിളിനും അതിന്റെ ഉപഭോക്താക്കൾക്കും എന്നും തലവേദന സൃഷ്ടിക്കുന്ന വൈറസ് ആണ് ജോക്കർ എന്ന പേരിൽ അറിയപ്പെടുന്ന മാൽവെയർ. ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരിലാണ് ഈ വൈറസ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഫോണിൽ സൂക്ഷിച്ചിട്ടുള്ള വ്യക്തിഗത വിവരങ്ങൾ എല്ലാം ചോർത്താൻ ഈ വൈറസിന് സാധിക്കുമെന്നതാണ് ഇവനെ വളരെയേറെ അപകടകാരിയാക്കുന്നത്.
ഇതിനു മുമ്പും മറ്റു പല ആപ്പുകളിലും ജോക്കർ മാൽവെയർ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അവയെ എല്ലാം കണ്ടെത്തി തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ട മുന്നറിയിപ്പുകൾ നൽകാൻ ഗൂഗിളിലെ ടെക്നീഷ്യന്മാർക്ക് സാധിച്ചിരുന്നു. എന്നാൽ ഗൂഗുളിനും ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർ തങ്ങളുടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ഗൂഗിൾ പ്ലേസ്റ്റോറിനും നിരന്തര വെല്ലുവിളി ഉയർത്തി ജോക്കർ വൈറസ് തങ്ങളുടെ കോഡിൽ മാറ്റങ്ങൾ വരുത്തി വീണ്ടും പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്.
ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ജോക്കർ മാൽവെയർ അടങ്ങിയ ആപ്പുകൾ വീണ്ടും കണ്ടെത്തിയിരിക്കുകയാണ്. എട്ട് ആപ്പുകളിലാണ് വൈറസിനെ പുതുതായി കണ്ടെത്തിയത്. ഈ ആപ്പുകൾ എല്ലാം തന്നെ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തുവെങ്കിലും ഫോണിൽ ഈ ആപ്പുകൾ ഉളളിടത്തോളം ജോക്കറിന് നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോർത്താൻ സാധിക്കും. ബാങ്ക് പാസ് വേഡ്, ഒ ടി പി നമ്പർ. എസ് എം എസ്, കോൺടാക്ട് ലിസ്റ്റ് മുതലായ നിരവധി വിവരങ്ങൾ നിങ്ങളുടെ ഫോണിൽ നിന്ന് ചോർത്താൻ ജോക്കറിന് സാധിക്കും.
ആക്സിലറി മെസേജ്, ഫാസ്റ്റ് മാജിക് എസ് എം എസ്, ഫ്രീ കാംസ്കാനർ, സൂപ്പർ മെസേജ്, എലമെന്റ് സ്കാനർ, ഗോ മെസേജസ്, ട്രാവൽ വാൾപേപ്പേഴ്സ്, സൂപ്പർ എസ് എം എസ് എന്നീ ആപ്പുകളിലാണ് ജോക്കർ മാൽവെയർ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുളളത്.