പാട്ന: അഞ്ച് മിനിട്ടിനുള്ളിൽ അറുപത്തിയഞ്ചുകാരിയ്ക്ക് നൽകിയത് കോവിഷീൽഡ്, കോവാക്‌സിൻ കൊവിഡ് വാക്‌സിനുകളുടെ ഓരോ ഡോസുകൾ വീതം. പാട്നയിൽ ജൂൺ 16നാണ് സംഭവം. സുനില ദേവി എന്ന സ്ത്രീയ്ക്കാണ് രണ്ട് വാക്‌സിനുകളുടെയും ഓരോ ഡോസുകൾ വീതം നൽകിയത്.
സുനില ദേവിയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും, മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.താൻ ജൂൺ 16 ന് ബെൽദാരിചക്കിലെ ഒരു സ്‌കൂളിൽ വാക്‌സിനെടുക്കാൻ പോയി. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ക്യൂവിൽ നിന്നു. ആദ്യം അവർ കൊവീഷീൽഡ് വാക്‌സിന്റെ ഒരു ഡോസ് കുത്തിവച്ചുവെന്ന് സുനില ദേവി പറയുന്നു.
അഞ്ച് മിനിട്ട് നിരീക്ഷണത്തിലിരിക്കാൻ വാക്‌സിനേഷൻ ക്യാമ്പിലുള്ള ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഈ സമയമാണ് മറ്റൊരു നഴ്‌സ് വന്ന് കൊവാക്‌സിൻ കുത്തിവച്ചതെന്ന് അവർ ആരോപിക്കുന്നു. 'ഞാൻ നിരീക്ഷണ മുറിയിൽ ഇരിക്കുമ്പോൾ മറ്റൊരു നഴ്‌സ് കുത്തിവയ്‌പെടുക്കാനായി വന്നു. നേരത്തെ വാക്‌സിൻ സ്വീകരിച്ചുവെന്ന് പറഞ്ഞെങ്കിലും അവരത് ചെവികൊണ്ടില്ലെന്നും, ഇത്തരത്തിലുള്ള അശ്രദ്ധയ്ക്ക് കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രണ്ട് നഴ്‌സുമാർക്കും കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.