പി. കുഞ്ഞിരാമൻ നായരുടെ കവിതകൾ പലതും എഴുത്തുകാരനായ രതീശന് കാണാപാഠമായിരുന്നു. മാർകേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങളും പ്രിയപ്പെട്ടതായിരുന്നു. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ എല്ലാവരും ഏകാന്തതയുടെ കയ്പ് കുടിച്ചിറക്കേണ്ടിവരും. പ്രിയപ്പെട്ടവരുടെ വേർപാട്, കുടുംബച്ഛിദ്രം, വാർദ്ധക്യത്തിന്റെ അധിനിവേശം, രോഗങ്ങളുടെ നുഴഞ്ഞുകയറ്റം എന്നിവയുടെ തോളിൽ കൈയിട്ടാവും ഏകാന്തത കടന്നുവരിക. സ്വന്തം വീട്ടിൽ മിണ്ടാട്ടമില്ലാതെ ജീവിതം തള്ളിനീക്കേണ്ടിവരിക. കഠിനതടവിനേക്കാൾ കഠിനമല്ല ആ അവസ്ഥ. ചില സന്ദർഭങ്ങളിൽ രതീശൻ സുഹൃത്തുക്കളോട് മനസ് തുറന്നിട്ടുണ്ട്.
സ്വന്തം മനസ് ആരോട് തുറന്നുകാട്ടാനാകും? സ്വന്തം മനസ് അതിന്റെ ഉടമ പോലും പലപ്പോഴും മറിച്ചുനോക്കാറില്ല. ജീവൻ വെടിയാറാകുമ്പോൾ ചിലപ്പോൾ ദൈവം അതെടുത്ത് മറിച്ചുനോക്കുമായിരിക്കും. പാതിതമാശയായിട്ടാണ് ആത്മമിത്രമായ ഡോ.ജയനോട് ഒരിക്കൽ പറഞ്ഞത്. ശരിയെന്ന് തോന്നി ചെയ്യുന്നത് പിഴയ്ക്കുക. അല്ലെങ്കിൽ ഉറ്റവർ തെറ്റിദ്ധരിക്കുക. അതുണ്ടാക്കി വയ്ക്കുന്ന അകൽച്ച അത്രവലുതാണ്. അവഗണന, ഒറ്റപ്പെടൽ എന്നിവയുടെ അർത്ഥം ശബ്ദതാരാവലിയിൽ നോക്കിയാൽ മനസിലാവില്ല. അതിന്റെ ആഴം അറിയാനാവില്ല. അനുഭവിച്ചറിയുമ്പോഴാണ് ചില അവസ്ഥകൾ പൊള്ളിക്കുന്നത്. കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊന്നുണ്ടോ? എന്ന് പറഞ്ഞാവും ചിലപ്പോൾ രതീശൻ ആശ്വസിക്കുക.
ഹൃദയവിശാലതകൊണ്ട് സ്വന്തം പുരയിടത്തിലൂടെ ഒരു നിർദ്ധനകുടുംബത്തിന് രതീശൻ വഴി കൊടുത്തു. ആ കുടുംബത്തിൽ കാണാനഴകുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. തെറ്റിദ്ധാരണയുടെയും അപവാദത്തിന്റെയും വർണബലൂണുകൾ ഉയർന്നുപൊങ്ങി. ചിലർക്ക് അത് ആനന്ദത്തിന്റെ ഉത്സവമായി. ഡോക്ടറെപ്പോലെ രതീശന്റെ മനസറിഞ്ഞവർ മാത്രം അതൊന്നും വിശ്വസിച്ചില്ല. സ്വന്തം മനസ് മറ്റുള്ളവരെ കാണിക്കാൻ പറ്റില്ലല്ലോ. അതോടെ രതീശന്റെ കളിയും ചിരിയും തമാശകളും പിൻവാങ്ങി. ആമ തലയും കൈകാലും പിൻവലിക്കുംപോലെ അവസാന എപ്പിസോഡാകാറായെന്ന് ഫോണിലൂടെ ചിലരോട് തമാശ പറഞ്ഞു.
റേഡിയോയിൽ തന്റെ കഥ വരുന്ന ദിവസമാണ് രതീശൻ പഴയ രതീശനായത്. ആ വിവരം ഉറ്റവരെ വിളിച്ചറിയിച്ചു. ഏകാന്തതയുടെ പുറന്തോടുകൾ പൊട്ടിച്ച് ആ മനസ് വീണ്ടും പുറത്തേക്ക് വന്നു, ആറടിമണ്ണിൽ നീറിയൊടുങ്ങുന്ന മനുഷ്യജന്മത്തിന്റെ കാതലുള്ള കഥകേട്ട് പലരും രതീശനെ വിളിക്കുമ്പോഴേക്കും ആനന്ദലഹരിയുടെ ഏതോ മുഹൂർത്തത്തിൽ കഥാകാരൻ ഈ ലോകം വിട്ട് പോയിരിന്നു. സുഖമരണം. മനുഷ്യർ അധികം മറിച്ചുനോക്കാത്ത ആ മനസ് എപ്പോഴായിരിക്കും ദൈവം മറിച്ചുനോക്കിയത്. ഡോ. ജയൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു.
(ഫോൺ : 9946108220)