"ഭാഗ് മിൽഖ, ഭാഗ്"...(ഓടൂ മിൽഖാ, ഒാടൂ)..ഈ വിളികേട്ടാണ് മിൽഖാ സിംഗ് എന്ന കൗമാരക്കാരൻ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഓട്ടം തുടങ്ങിയത്. തന്റെ പ്രിയപ്പെട്ടവരുടെ ചോരയിറ്റുവീണ കലാപകാരികളുടെ കത്തിമുനയിൽ നിന്ന് രക്ഷപെടാനുള്ള ഓട്ടമായിരുന്നു അത്. കല്ലുംമുള്ളുന നിറഞ്ഞ പാതകൾ കടന്ന ആ ഓട്ടം അവസാനിച്ചത് ലോക കായിക വേദികളിലാണ്. മിൽഖയുടെ ജീവിതത്തെക്കുറിച്ച് പിന്നീട് ബോളിവുഡിൽ ചലച്ചിത്രമൊരുങ്ങിയപ്പോൾ അതിന് പേരും ഭാഗ് മിൽഖ, ഭാഗ് എന്നായിരുന്നു.
ഇന്ത്യക്കാരന് ഓടാനറിയാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ആ സിഖുകാരന് അതിന് കരുത്തുപകർന്നത് പൊള്ളുന്ന ജീവിതാനുഭവങ്ങളാണ്. ഒരുകപ്പ് പാൽ അധികം കിട്ടാനായി കിലോമീറ്ററുകൾ ഒാടിത്തീർത്ത പട്ടാളക്കാരന് പിന്നീടുള്ള ഓട്ടങ്ങളൊന്നും അത്ര വെല്ലുവിളി ഉയർത്തിയിട്ടുമില്ല. തനിക്ക് പിന്നാലെ വന്നവർക്ക് സ്വപ്നം കാണാനൊരു വഴി തുറന്നിടുകയായിരുന്നു മിൽഖ. തനിക്കുകിട്ടാത്ത സൗകര്യങ്ങളൊക്കെ കിട്ടുന്ന കാലത്ത് കഠിനാദ്ധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം പിന്മുറക്കാരെ എപ്പോഴും ഓർമ്മിപ്പിച്ചു. എന്നിട്ടും മറ്റൊരു മിൽഖാ സിംഗ് ഇതേവരെ പിറന്നിട്ടില്ല. ഇന്ത്യൻ കായിക ചരിത്രം ഉള്ളിടത്തോളം മിൽഖാ സിംഗ് എന്ന പേര് സ്വർണത്തിളക്കത്തോടെ വിളങ്ങും. ..
മിൽഖാ സിംഗ്
1929 നവംബർ 29ന് പാകിസ്ഥാനിലെ ഗോവിന്ദ്പുരയിൽ ജനനം.
1947ലെ വിഭജനകാലത്ത് ഇന്ത്യയിലേക്ക് പലായനം.
1951ൽ ഇന്ത്യൻ ആർമിയിൽ പ്രവേശിച്ചു.
1956ലെ മെൽബൺ ഒളിമ്പിക്സിൽ മത്സരിച്ചു.
1958
കട്ടക്കിൽ നടന്ന ദേശീയ ഗെയിംസിൽ 200,400 മീറ്ററുകളിൽ സ്വർണം
ടോക്കിയോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 200,400 മീറ്ററുകളിൽ സ്വർണം
വെയ്ൽസിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്ററിൽ സ്വർണം
1959
രാജ്യം പത്മശ്രീ നൽകി ആദരിച്ചു
1960
റോം ഒളിമ്പിക്സിൽ നാലാം സ്ഥാനം. ദേശീയ റെക്കാഡ്.
1962
ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 400 ,4-400 മീറ്ററുകളിൽ സ്വർണം
1964 കൽക്കത്ത ദേശീയ ഗെയിംസിൽ 400 മീറ്ററിൽ വെള്ളി.
ടോക്കിയോ ഒളിമ്പിക്സിൽ മത്സരിച്ചു
2001 അർജുന അവാർഡ് നിരസിച്ചു.
45.73 സെക്കൻഡ്
റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ മിൽഖ കുറിച്ച റെക്കാഡ്.ഹാൻഡ് ടൈമിംഗിൽ ഇത് 45.6ആയിരുന്നു. ഇലകട്രോണിക് ടൈമിംഗിലേക്ക് മാറ്റിയപ്പോഴാണ് 45.73 ആയത്. 1998ൽ സിന്തറ്റിക് ട്രാക്കിൽ പരംജിത്ത് സിംഗ് ഇത് മറികടന്നിരുന്നു.
4
ഏഷ്യൻ ഗെയിംസ് സ്വർണങ്ങൾ
3
ഒളിമ്പിക്സുകളിൽ മത്സരിച്ചു
1
കോമൺവെൽത്ത് ഗെയിംസ് സ്വർണം
77
പങ്കെടുത്ത 80 മത്സരങ്ങളിൽ 77 എണ്ണത്തിലും വിജയിച്ച അപൂർവ ചരിത്രത്തിന് ഉടമ.