താരങ്ങളുടെ വിവാഹവും, വിവാഹ മോചന വാർത്തകളുമൊക്കെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ വിവാഹ മോചനം നേടിയ താരങ്ങൾ തന്നെ വീണ്ടും ഒന്നിച്ച സംഭവങ്ങൾ അധികം ഉണ്ടായിട്ടില്ല.
അത്തരത്തിൽ നടി പ്രിയ രാമനും നടൻ രഞ്ജിത്തും വീണ്ടും ഒന്നിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പ്രിയ രാമനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രഞ്ജിത്ത് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 22ാം വിവാഹ വാർഷികദിനത്തിലാണ് വീണ്ടും ഒന്നിച്ചു ജീവിക്കുന്നുവെന്ന് ഇവർ വെളിപ്പെടുത്തിയത്. തന്റെ ഭർത്താവാണ് രഞ്ജിത്തെന്ന് പ്രിയ രാമൻ മറ്റൊരു വീഡിയോയിൽ പറയുന്നുണ്ട്. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി പേർ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
1999ൽ പുറത്തിറങ്ങിയ നേസം പുതുസ് എന്ന ചിത്രത്തിലൂടെ പ്രണയത്തിലായ ഇവർ അധികം വൈകാതെ വിവാഹിതരായി. 2014ലാണ് വേർപിരിഞ്ഞത്. അതേ വർഷം രഞ്ജിത്ത് രാഗസുധയെ വിവാഹം ചെയ്‌തെങ്കിലും തൊട്ടടുത്ത വർഷം വേർപിരിഞ്ഞു. പ്രിയ രാമൻ- രഞ്ജിത്ത് ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്.