df

ന്യൂഡൽഹി: റിയൽ എസ്​റ്റേറ്റ്​ ആസ്​തികളുടെ വിൽപനക്കൊരുങ്ങി പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ്​ എയർ ഇന്ത്യയുടെ നടപടി. ഓഫീസുകൾ, ഫ്ലാറ്റ്​, സ്​റ്റാഫ്​ ക്വാർ​ട്ടേഴ്​സ്​ എന്നിവയുടെ വിൽപനയാണ്​ നടത്തുക. ഇതിലൂടെ 300 കോടി സ്വരൂപിക്കുകയാണ്​ ലക്ഷ്യം.

ന്യൂഡൽഹി, മുംബയ്, കൊൽക്കത്ത, അഹമ്മദാബാദ്​, ബംഗളൂരു, മംഗളൂരു, നാസിക്​, നാഗ്​പൂർ എന്നിവിടങ്ങളിലെ വസ്​തുക്കളാണ്​ വിൽക്കുക. ഇതിനുള്ള ടെൻഡർ വെബ്​സൈറ്റിൽ എയർ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ന്യൂഡൽഹിയിലെ ഏഷ്യൻ ഗെയിംസ്​ വില്ലേജിലെ റെസിഡൻഷ്യൽ കെട്ടിട്ടം,​ ബാന്ദ്രയിലെ പാലി ഹില്ലിലെ ഫ്ലാറ്റ്​, കൊൽക്കത്തയിലെ ഗോൾഫ്​ ഗ്രീനിലെ ഫ്ലാറ്റ്​, നാഗ്​പൂരിലെ ബുക്കിങ്​ ഓഫീസ്​ തുടങ്ങിയവയെല്ലാം വിൽക്കുന്നവയുടെ പട്ടികയിലുണ്ട്​.

ജൂലായ് ഒമ്പത്​ വരെ വസ്​തുക്കൾ വാങ്ങാനുള്ള അപേക്ഷ സമർപ്പിക്കാം. കൊവിഡിനെ തുടർന്ന്​ കടുത്ത പ്രതിസന്ധി നേരിട്ടതോടെയാണ്​ വസ്​തുക്കൾ വിൽക്കാൻ എയർ ഇന്ത്യ നിർബന്ധിതമായത്​. ​എയർ ഇന്ത്യയുടെ സ്വകാര്യവത്ക്കരണ നീക്കങ്ങളും പൂർത്തിയായിട്ടില്ല.