കണ്ണൂർ: മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർക്ക് മറ്റൊരു അന്താരാഷ്‌ട്ര പുരസ്‌കാരം. സെൻട്രൽ യൂറോപ്യൻ സർവകലാശാല ഏർപ്പെടുത്തിയ ഈ വർഷത്തെ ഓപ്പൺ സൊസൈറ്റി പ്രൈസാണ് ശൈലജയ്‌ക്ക് ലഭിക്കുന്നത്. യു.എൻ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നൻ, തത്വചിന്തകൻ കാൾ പോപ്പർ എന്നിവരെപ്പോലെയുളളവർക്ക് ലഭിച്ചിട്ടുളള സമ്മാനമാണിത്.
കേരളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച മാതൃകയായി പ്രവർത്തിച്ചതായും പൊതുപ്രവർത്തനത്തിൽ യുവതികൾക്ക് മാതൃകയാണ് കെ.കെ ശൈലജയെന്നും പുരസ്‌കാര ജൂറി അറിയിച്ചു. വലിയ പ്രതിസന്ധികൾ ലോകമാകെ നേരിടുമ്പോൾ നേതൃസ്ഥാനത്തേക്ക് കൂടുതൽ പേർ കടന്നുവരട്ടെയെന്നാണ് ഓൺലൈൻ ചടങ്ങിൽ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കെ.കെ ശൈലജ പറഞ്ഞു.
മുൻപ് കൊവിഡ് ഒന്നാംഘട്ട വ്യാപനം ഫലപ്രദമായി പിടിച്ചുനിർത്താനുളള ശ്രമങ്ങൾ നടത്തിയതിന് ആരോഗ്യമന്ത്രിയായിരിക്കെ കെ.കെ ശൈലജയെ 2020 ജൂൺ 23ന് ഐക്യരാഷ്‌ട്രസഭ അനുമോദിച്ചിരുന്നു. കൊവിഡ് കാലത്ത് മികച്ച ആശയങ്ങൾ പ്രാവർത്തികമാക്കിയതിന് ബ്രിട്ടണിൽ പ്രോസ്‌പെക്‌ട് മാഗസീനും ശൈലജയെ തിരഞ്ഞെടുത്തിരുന്നു.