telengana

ഹൈദരാബാദ്: കൊവിഡ് ടെസ്‌റ്റ് പോസി‌റ്റിവി‌റ്റി നിരക്ക് ഒരു ശതമാനമായി താഴ്‌ന്നതിനെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ പൂർണമായും പിൻവലിച്ച് തെലങ്കാന. മറ്റ് സംസ്ഥാനങ്ങളെക്കാൾ അതിവേഗം തെലങ്കാനയ്‌ക്ക് കൊവിഡ് നിയന്ത്രിക്കാനായതായി മന്ത്രിസഭ വിലയിരുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ തെലങ്കാനയിൽ 1400 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ആകെ പരിശോധിച്ച സാമ്പിളുകളുടെ 1.14 ശതമാനം മാത്രമാണിത്.

നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ ജൂലായ് ഒന്നിന് തന്നെ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ വകുപ്പിന് മന്ത്രിസഭാ യോഗം നിർദ്ദേശം നൽകി. പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതിയായ നി‌‌ർദ്ദേശങ്ങൾ ഉടൻ നൽകാനും അറിയിപ്പുണ്ട്. മൂന്നാംഘട്ട വ്യാപന സാദ്ധ്യതയുള‌ളതിനാൽ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും സർക്കാ‌ർ ആവശ്യപ്പെട്ടു. ജനങ്ങൾ മാസ്‌ക് ധരിക്കുന്നതിലും, കൈകൾ ഇടക്കിടെ ശുചിയാക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും മടി കാണിക്കരുതെന്ന് സർക്കാ‌‌ർ നി‌ർദ്ദേശിച്ചു.