palaniswami

അനുഹ്രഹീത സംവിധായകന്‍ സച്ചി വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. സച്ചി നല്‍കിയ പുതുജീവിതത്തെക്കുറിച്ച് പളനിസ്വാമി പറയുകയാണ്. സച്ചിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും കണ്ടവര്‍ക്ക് ഒരിക്കലും പളനിസ്വാമിയെയും നഞ്ചമ്മയെയും മറക്കാനാവില്ല. സച്ചിയുടെ മനസിന്റെ പുണ്യം തന്നെയായിരുന്നു ആദിവാസികളായ പളനിസ്വാമിക്കും നഞ്ചമ്മയ്ക്കും അയ്യപ്പനും കോശിയിലും അവസരം കൊടുത്തത്. സച്ചിയെക്കുറിച്ചുള്ള പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്കിടയില്‍ പളനിസ്വാമിക്കും പറയാനുണ്ട് ചിലത്. ആ വാക്കുകളിലേക്ക്...

ഞാന്‍ ഒരു ആദിവാസിയാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇന്നും കടന്നുവരാന്‍ ഏറെ പ്രയത്നിക്കുന്ന ഒരു സമൂഹത്തിന്‍റെ പ്രതിനിധി. സിനിമ എനിക്കൊരു സ്വപ്നമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും എന്നെപ്പോലൊരാള്‍ക്ക് അല്ലെങ്കില്‍ എന്‍റെ സമൂഹത്തിലെ ഒരാള്‍ക്ക് സിനിമയില്‍ അവസരം ഉണ്ടാകുമോ? ഒരിക്കലുമില്ല. ആദിവാസികളെയും കീഴാള സമൂഹത്തെയും ആക്ഷേപിക്കുന്നതായിരുന്നു ഇതുവരെ ഉണ്ടായിട്ടുളള മലയാളസിനിമകള്‍. കീഴാള സമൂഹത്തിലെ ഒരാള്‍ക്ക് അന്തസ്സുള്ള ഒരു കഥാപാത്രം മലയാള സിനിമ നല്‍കിയിട്ടില്ല. കോമാളികളായിട്ട് ഞങ്ങളെ മലയാള സിനിമ ആക്ഷേപിക്കുകയായിരുന്നു. എന്തിന് മനുഷ്യരായിട്ട് പോലും അംഗീകരിച്ചിരുന്നില്ല.

അങ്ങനെയുള്ള മലയാളിയുടെ പൊതുബോധത്തെയും പാരമ്പര്യവഴികളെയും തകര്‍ത്തെറിഞ്ഞ ധീരനായ ചലച്ചിത്ര പ്രതിഭയായിരുന്നു എനിക്ക് സച്ചി സാര്‍.എനിക്കോ നഞ്ചമ്മയ്ക്കോ സിനിമയായിട്ട് ഒരു ബന്ധവുമില്ല. എന്നിട്ടും ഞങ്ങളെവെച്ച് സിനിമ ചെയ്യാന്‍ അദ്ദേഹം തയ്യാറായി. ഒരു വാണ്യജ്യ സിനിമയില്‍ അവസരം തന്നു. പ്രിഥ്വിരാജിനും ബിജുമേനോനുമൊപ്പം ഞങ്ങള്‍ക്ക് അവസരം നല്‍കി. അത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. ആ വെല്ലുവിളിയാണ് സച്ചിസാര്‍ ഏറ്റെടുത്തത്.

sachy

മലയാളസിനിമയില്‍ എത്രയോ പേരുകേട്ട ചലച്ചിത്ര പ്രതിഭകളുണ്ട്. പക്ഷേ അവരാരും ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറായിരുന്നില്ല. സച്ചിസാര്‍ അയ്യപ്പനും കോശിയും എന്ന സിനിമയില്‍ എന്നോട് അഭിനയിക്കാന്‍ മാത്രമല്ല പറഞ്ഞത്. ഒട്ടേറെ ഉത്തരവാദപ്പെട്ട ജോലികൾ എന്നെ ഏല്‍പ്പിച്ചു. സിനിമ സംബന്ധിച്ച് കുറെ കാര്യങ്ങള്‍ പറഞ്ഞുതരുകയും പഠിപ്പിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു 'നീ നിന്‍റെ സമൂഹത്തിന്‍റെ ഒരു സിനിമ ചെയ്യണം. നിങ്ങളുടെ സമൂഹത്തിന്‍റെ കഥ സത്യന്ധമായി ആവിഷ്ക്കരിക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. അതുകൊണ്ട് നീ സിനിമ പഠിച്ചുതന്നെ ചെയ്യണം.'- സച്ചിസാറിന്‍റെ ആ വാക്കുകള്‍ ഇന്നുമെന്‍റെ ഹൃദയത്തില്‍ പ്രതിധ്വനിക്കുന്നുണ്ട്.

ഞങ്ങളുടെ പാരമ്പര്യപാട്ടുകള്‍ ക്യാമ്പസുകളില്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് പോലും പാടാന്‍ ജാള്യതയായിരുന്നു. പക്ഷേ നഞ്ചമ്മയെക്കൊണ്ട് സച്ചിസാര്‍ പാടിപ്പിച്ച ആ ഒറ്റ പാട്ട് കേരളം ഏറ്റുപാടി. അങ്ങനെ മലയാളസിനിമയുടെ പാരമ്പര്യവഴികളില്‍ പുതുവഴിയിലേക്ക് സിനിമയെ നയിച്ച സച്ചിസാര്‍ എനിക്കൊരു പുതുജീവിതമാണ് നല്‍കിയത്.

കീഴാള സമൂഹത്തെ ആ സമൂഹത്തിന്‍റെ അന്തസ്സ് നിലനിര്‍ത്തിക്കൊണ്ട് മലയാളസിനിമയില്‍ വലിയ പരീക്ഷണത്തിനാണ് സച്ചിസാര്‍ തുടക്കമിട്ടത്. ശ്രീനാരായണഗുരു മലയാളിയെ മനുഷ്യനാക്കി എന്ന് പറയുന്നത്പോലെ സച്ചിസാര്‍ എന്നെയും മനുഷ്യനാക്കി,ജീവിതത്തില്‍ എത്രയെത്ര നേട്ടങ്ങള്‍ കൊയ്താലും സിനിമയെ ആത്മാവില്‍ താലോലിക്കുന്ന എന്നെപ്പോലൊരാള്‍ക്ക് സച്ചിസാര്‍ നല്‍കിയ സൗഭാഗ്യം മറക്കാനാവില്ല. ജന്മം കൊണ്ട് കടം വീട്ടാനുമാകില്ല ആ കടപ്പാട്. പളനിസ്വാമി പറയുന്നു.

content details: palaniswami about sachy and ayyappanum koshiyum.