kk

ബുഡാപെസ്റ്റ് : യൂറോ കപ്പിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ ഇന്ന് നടന്ന മത്സരത്തിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ തളച്ച് ഹംഗറി. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി.

ആദ്യ പകുതിയില്‍ ഫിയോള നേടിയ ഗോളിൽ ഹംഗറിയായിരുന്നു മുന്നിൽ..രണ്ടാംപകുതിയടെ 66ാം മിനിറ്റിലാണ് ഫ്രാന്‍സ് ഗോൾ മടക്കിയത്. വലത് വിംഗില്‍ മുന്നേറിയ കിലിയന്‍ എംബാപ്പെ ഹംഗറിയുടെ ബോക്സിലേക്ക് പാസ് കൊടുക്കുകയായിരുന്നു. ബോക്സിലേക്ക് പാഞ്ഞെടുത്ത ഗ്രീസ്‌മാന്‍ പന്ത് ലക്ഷ്യത്തിലെത്തിച്ചു.

എംബാപ്പെ, ഗ്രീസ്മാന്‍, ബെന്‍സേമ എന്നിവരടങ്ങുന്ന ഫ്രാന്‍സിന്റെ ലോകോത്തര മുന്നേറ്റനിരയെ നിഷ്പ്രഭരാക്കുന്നതായിരുന്നു ഹംഗറിയുടെ പോരാട്ടവീര്യം. ജിറോഡ്, ഡെംബലെ, ലെമാര്‍ തുടങ്ങിയ താരങ്ങളെ പകരക്കാരായി ഇറക്കി മത്സരത്തിന്റെ ഗതി അനുകൂലമാക്കാനുള്ള ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സിന്റെ ശ്രമം വിജയിച്ചില്ല.

ഗ്രൂപ്പ് എഫിലെ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ ജര്‍മനിയെ നേരിടും. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട ജര്‍മനിക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഹംഗറിയെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ പോര്‍ച്ചുഗല്‍ വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാകും കളത്തിലിറങ്ങുക.