ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ട പരിഹാരം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ധനസഹായം നൽകാൻ കഴിയില്ലെന്ന് കാണിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. കൊവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിശദീകരണം.
ദുരന്ത നിവാരണ നിയമപ്രകാരമുള്ള സഹായം ഇക്കാര്യത്തിൽ ബാധകമല്ലെന്നും, കൊവിഡ് മൂലം മരിക്കുന്നവർക്ക് ഈ ധന സഹായത്തിന് അർഹതയില്ലെന്നും സർക്കാർ വ്യക്തമാക്കി. വിഷയത്തിൽ സുപ്രീം കോടതി ഇടപെടരുതെന്നും 183 പേജുള്ള സത്യവാങ്മൂലത്തിൽ പറയുന്നു.
രാജ്യത്ത് ഇതിനോടകം മൂന്നര ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അത്രയും പേർക്ക് ധനസഹായം നൽകുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും.നഷ്ട പരിഹാരം നൽകാനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാന സർക്കാരുകൾക്കുമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഹർജി നാളെ പരിഗണിക്കും.