ലക്നൗ: പോസ്റ്റ്മോർട്ടത്തിനായി ലക്നൗവിലെ പ്രശസ്തമായ കെ.ജി.എം.യു ആശുപത്രിയിലെ ജീവനക്കാർ മരിച്ചയാളുടെ കുടുംബത്തോട് പണം ആവശ്യപ്പെടുന്ന വീഡിയോ വെെറൽ. സംഭവം വിവാദമായതോടെ പണം ആവശ്യപ്പെട്ടു എന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. പോസ്റ്റ്മോർട്ടത്തിനായി ജീവനക്കാർ 3800 രൂപ ചോദിച്ചതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.
പോസ്റ്റ്മോർട്ടത്തിനായി ജീവനക്കാർ പണം ആവശ്യപ്പെടുന്നതായി വീഡിയോ കാണിക്കുന്നുണ്ട്. എന്നാൽ വീഡിയോയിൽ കാണുന്നവർ തങ്ങളുടെ സ്റ്റാഫ് അംഗങ്ങൾ അല്ലെന്നും അവർ ശവസംസ്കാരത്തിനാണ് പണം വാങ്ങിയതെന്നും ആശുപത്രി അധികൃതർ പറയുന്നു. പണം ആവശ്യപ്പെടുമ്പോൾ മൃതദേഹം നിലത്ത് കിടത്തിയിട്ടിരിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ ഒരു കാഴ്ചക്കാരനാണ് ചിത്രീകരിച്ചത്. സംഭവം വിവാദമായതോടെ പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് സാമൂഹിക പ്രവർത്തകനും മുൻ ഐ.പി.എസ് ഓഫീസറുമായ നൂതൻ താക്കൂർ ആവശ്യപ്പെട്ടു. പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി പണം ഈടാക്കുന്നില്ലെന്നും വീഡിയോയിൽ കാണുന്നവർ സ്റ്റാഫിലെ അംഗങ്ങളല്ലെന്നും കെ.ജി.എം.യു വക്താവ് സുധീർ കുമാർ പറഞ്ഞു.
അന്യായമായി പണം ഈടാക്കിതതിനും ശ്രദ്ധക്കുറവിന്റെയും പേരിൽ രോഗിയുടെ കുടുംബാംഗങ്ങൾ ആശുപത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. മരിച്ച രോഗികളെ അവഹേളിച്ചതായും ജില്ലാ മജിസ്ട്രേറ്റിനും പൊലീസ് കമ്മീഷ്ണർക്കും നൽകിയ പരാതിയിൽ പറയുന്നു.