ആലപ്പുഴ: മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ചയാളെ പിടികൂടാനായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കും. അടിയന്തര ശസ്ത്രക്രിയ മാത്രമായിരിക്കും അന്ന് നടത്തുക. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കുകയും, മറ്റു ജീവനക്കാരെ അധിക്ഷേപിക്കുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസറായ മാവേലിക്കര സ്വദേശി അഭിലാഷിനെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രതിയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള ഗവണ്മെന്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർസ് അസോസിയേഷൻ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജിന് പരാതി നൽകിയിരുന്നു.പൊലീസുകാരനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നുവെന്നും സംഭവത്തിൽ പൊലീസ് ഒത്തുകളിക്കുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു.