reliance

മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡയറക്‌ടർ ബോർഡിൽ സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയുമായി സൗദി ആരാംകോയുടെ പ്രതിനിധി ഇടംപിടിച്ചേക്കും. സൗദി ആരാംകോ ചെയർമാനും സൗദിയുടെ നിക്ഷേപക വിഭാഗമായ പബ്ലിക് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ടിന്റെ (പി.ഐ.എഫ്) ഗവർണറുമായ യാസിർ അൽ-റുമയ്യാൻ റിലയൻസ് ഡയറക്‌ടർ ബോർഡിലെത്തുമെന്നാണ് സൂചന. ഇരു കമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റിലയൻസിന്റെ ഓയിൽ-ടു-കെമിക്കൽ (ഒ2സി) വിഭാഗത്തിന്റെ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം 24ന് ചേരും. അന്ന്, അൽ-റുമയ്യാന്റെ പുതിയ സ്ഥാനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. 2019 ആഗസ്‌റ്റിലാണ് റിലയൻസിന്റെ ഒ2സി ബിസിനസിൽ സൗദി ആരാംകോ 20 ശതമാനം ഓഹരി പങ്കാളിത്തം നേടുമെന്ന് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. 1,500 കോടി ഡോളറിന്റേതാകും (ഏകദേശം 1.10 ലക്ഷം കോടി രൂപ) ഇടപാട്. 2020 മാർച്ചിൽ ഇടപാട് പൂർണമാകേണ്ടതായിരുന്നെങ്കിലും വൈകി. ഇതിന്റെ കാരണം ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല.

ഗുജറാത്തിലെ ജാംനഗറിൽ റിലയൻസിന്റെ അന്താരാഷ്‌ട്ര നിലവാരമുള്ള ഇരട്ട റിഫൈനറികൾ, ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോകെമിക്കൽ പദ്ധതി എന്നിവയിലാണ് ആരാംകോ ഓഹരിപങ്കാളിത്തം നേടുക. 7,500 കോടി ഡോളറിന്റെ (5.55 ലക്ഷം കോടി രൂപ) മൂല്യം റിലയൻസ് ഒ2സിക്ക് ഉണ്ടെന്നാണ് വിലയിരുത്തൽ. ആന്ധ്രാ തീരത്ത് ബംഗാൾ ഉൾക്കടലിലുള്ള കെ.ജി-ഡി6 വാതക ഖനന പദ്ധതി ഒ2സിയിൽ റിലയൻസ് ഉൾപ്പെടുത്തിയിട്ടില്ല.