depression

തിരുവനന്തപുരം: കൊവിഡ് മഹാമാരി പടർന്നു പിടിച്ചത് മുതൽ സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുകയാണെന്നും അഞ്ച് ശതമാനം പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അടുത്തിടെ നടന്ന പഠനങ്ങളിൽ കണ്ടെത്തി. 60 ശതമാനം വിദ്യാർത്ഥികൾ പലതോതിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായാണ് പഠനത്തിൽ കണ്ടയത്തിയത്. ആർട്സ്,​ സയൻസ് ഗ്രൂപ്പുകൾ ഐച്ഛിക വിഷയമായി എടുത്ത ബിരുദ,​ ബിരുദാനന്തര വിദ്യാർത്ഥികളിൽ 55 ശതമാനം പേർ തങ്ങളുടെ ഭാവിയെ കുറിച്ച് ആകുലരാണെന്നും തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിലെ സൈക്കോളജിക്കൽ റിസോഴ്സ് സെന്റർ നടത്തിയ പഠനത്തിൽ കണ്ടെത്തി. കൊവിഡ് കാലത്ത് വിദ്യാർത്ഥികളുടെ അക്കാഡമികവും മാനസികപരവുമായ പ്രവൃത്തികളെക്കുറിച്ചാണ് പഠനങ്ങൾ നടന്നത്. കൊവിഡ് കാലത്ത് തങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തെക്കുറിച്ച് പല കുട്ടികളും തുറന്ന് സംസാരിക്കുകയും ചെയ്തു ഈ കണ്ടെത്തലുകൾ അക്കാഡമിക സമൂഹത്തിന് മാത്രമല്ല സംസ്ഥാന സർക്കാരിന്റെയും കണ്ണു തുറപ്പിക്കേണ്ടതാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളിൽ 22.34 ശതമാനവും മാനസിക സംഘ‍ർഷത്തെ തുടർന്ന് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുള്ളവരാണ്. 5.17ശതമാനം പേർ ആത്മഹത്യാശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതിനായി ശരീരത്തിൽ സ്വയം മുറിവേൽപിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കും മുതിർന്നതായും വെളിപ്പെട്ടു. വിദ്യാർത്ഥികളിൽ 53ശതമാനം പേർ ഏകാന്തതയിൽ അഭയം തേടിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ആർട്സ്,​ സയൻസ് കോളേജുകളിൽ പഠിക്കുന്ന 28 ശതമാനം വിദ്യാർത്ഥികളെങ്കിലും നേരിയ മാനസിക സംഘർഷം അനുഭവിക്കുന്നവരാണ്. 14.8 ശതമാനം പേർ സാമാന്യ തോതിലുള്ള സമ്മർദ്ദവും 9.9 ശതമാനം പേർ താരതമ്യേന വലിയ മാനസിക സംഘർഷങ്ങളും നേരിടുന്നവരാണ്. ആറ് ശതമാനം പേർ ഗുരുതര മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ടവരാണെന്ന് പഠനത്തിൽ കണ്ടെത്തി.

ഈ വർഷം മാർച്ച് മുതൽ ഏപ്രിൽ വരെ നടന്ന പഠനത്തിൽ കേരളത്തിലെ 182 കോളേജുകളിൽ നിന്നായി 8005 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് മാനസികമായി കൂടുതൽ ഉയർന്നവരെന്നും പഠനത്തിൽ കണ്ടെത്തി.