രണ്ടാം മത്സരത്തിൽ പോളണ്ടും സ്പെയ്നിനെ സമനിലയിൽ പിടിച്ചു
പെനാൽറ്റി പാഴാക്കി മൊറീനോ,പ്രീ ക്വാർട്ടർ തുലാസിൽ
സെവിയ്യ :പന്ത് കാലിൽകൊരുത്ത് കൊണ്ടുനടന്നാൽ പോര, ഇടയ്ക്കിടയ്ക്ക് ഗോളടിക്കുക കൂടി ചെയ്താലേ കളി ജയിക്കൂവെന്ന് സ്പെയ്ൻകാർക്ക് മനസിലാക്കിക്കൊടുത്ത് ഈ യൂറോയിലെ രണ്ടാം മത്സരവും. ആദ്യ കളിയിൽ സ്വീഡനുമായി ഗോൾരഹിതസമനിലയിൽ പിരിഞ്ഞ സ്പെയ്ൻ രണ്ടാം മത്സരത്തിൽ പോളണ്ടുമായി സമനില സമ്മതിച്ചത് 1-1നാണ്. എന്നാൽ ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ മുൻ ചാമ്പ്യന്മാർ.
മത്സരത്തിലുടനീളം പന്ത് സ്പാനിഷ് കളിക്കാരുടെ കാൽവശമായിരുന്നു. 25–ാം മിനിട്ടിൽ അൽവാരോ മൊറാട്ടയിലൂടെ ഗോളടിക്കാനും അവർക്ക് കഴിഞ്ഞു.എന്നാൽ 54–ാം മിനിട്ടിൽ റോബർട്ട് ലെവൻഡോവ്സ്കി തകർപ്പൻ ഹെഡറിലൂടെ പോളണ്ടിനു സമനില സമ്മാനിച്ചു. അതുവരെ കിട്ടിയ മറ്റവസരങ്ങൾ ഫിനിഷിംഗിലെ പിഴവുകൊണ്ട് നിഷ്ഫലമാക്കിയ സ്പെയ്നിന് കൂനിൻമേൽ കുരു എന്നപോലെ
58–ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി നഷ്ടമാവുകയും ചെയ്തു. ജെറാർഡ് മൊറീനോ എടുത്ത കിക്ക് പോസ്റ്റിൽത്തട്ടി തിരിച്ചുവന്നപ്പോൾ മൊറാട്ട അടിച്ചു പുറത്തേക്കു കളയുകയായിരുന്നു.