തിരുവനന്തപുരം: യുവമോർച്ചയുടെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റായ സുധീഷ് കുളത്തുങ്കര സിപിഎമ്മിൽ ചേർന്നു. സിപിഎം ആറ്റിങ്ങൽ ഏരിയ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ആർ രാമുവാണ് സിപിഎം പതാക നൽകി സുധീഷിനെ സ്വീകരിച്ചത്.
സാമ്പത്തിക, വർഗീയ താൽപ്പര്യങ്ങൾ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള ബിജെപി നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ മനംമടുത്താണ് താൻ സംഘ്പരിവാർ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് സുധീഷ് പറഞ്ഞു.
ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്, ബിജെപി മുദാക്കൽ മണ്ഡലം കമ്മിറ്റിയംഗം, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്, ബാലഗോകുലം ഉപജില്ലാ രക്ഷാധികാരി, മുദാക്കൽ സരസ്വതി വിദ്യാനികേതൻ സ്ഥാപക സെക്രട്ടറി, എബിവിപി, ഹിന്ദു ഐക്യവേദി മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് സുധീഷ് കുളത്തുങ്കര.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു. ഒ എസ് അംബിക എംഎൽഎ, സിപിഎം ഏരിയ സെക്രട്ടറി എസ് ലെനിൻ, ഏരിയ കമ്മിറ്റി അംഗം കെ വാരിജാക്ഷൻ എന്നിവർ സംസാരിച്ചു. സിപിഎം മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം പി സി ജയശ്രീ നന്ദിയും പറഞ്ഞു.
content details: yuvamorcha leader sudheesh kulathunkara of attingal joins cpm.