പത്തനംതിട്ട: തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. ഇതുസംബന്ധിച്ച ശുപാർശ ജില്ലാ പൊലീസ് സൂപ്രണ്ട് ആഭ്യന്തര വകുപ്പിന് കൈമാറി. ഇതുവരെ ലഭിച്ച പരാതികൾ പ്രകാരം 10 കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടമായി. സാമ്പത്തിക തട്ടിപ്പുകളിൽ 5 കോടിക്ക് മുകളിലുള്ളത് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
പത്തനംതിട്ട, അടൂർ പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 61 കേസുകളാണ്. പത്തനാപുരം പൊലീസ് സ്റ്റേഷനിൽ ആറ് പരാതികൾ ലഭിച്ചിട്ടുണ്ട്.
പ്രതികളായ സജി സാം, ഭാര്യ റാണി സജി സാം എന്നിവരുടെ സ്വത്തുവിവരങ്ങൾ തേടി അന്വേഷണ സംഘം രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചു. ഇരുവരുടെയും പേരിൽ രജിസ്റ്റർചെയ്തിട്ടുളള സ്വത്തുക്കളുടെ വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രേഷൻ െഎ ജിക്കാണ് കത്തയച്ചത്.
സ്ഥാപനം പൂട്ടുന്നതിന് തൊട്ടുമുമ്പ് പ്രതികൾ നടത്തിയ ഭൂമി കൈമാറ്റങ്ങൾ മരവിപ്പിച്ചേക്കും. കേസിലെ രണ്ടാം പ്രതി റാണി സജി സാമിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. പുനലൂരിൽ കുടുംബവീടുളള റാണി ബന്ധുക്കളായ ചിലരുടെ ഒപ്പം കഴിയുന്നതായാണ് സൂചന.
തറയിൽ ഫിനാൻസിന്റെ ഒാമല്ലൂർ, പത്തനംതിട്ട, അടൂർ, പത്തനാപുരം ബ്രാഞ്ചുകളിലായി 100 കോടിക്ക് മുകളിൽ തട്ടിപ്പ് നടന്നതായാണ് പൊലീസിന് ലഭിച്ച സൂചന. എന്നാൽ, കൂടുതൽ തുക നിക്ഷേപിച്ചവർ ഇതുവരെ പരാതികളുമായി എത്തിയിട്ടില്ല. ഉയർന്ന തുക നിക്ഷേപിച്ച ചിലർ സ്ഥാപനം പൂട്ടിപ്പോകുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്ന് സജി സാമിന്റെ ആഡംബര വാഹനങ്ങൾ എടുത്തുകൊണ്ടുപോയിരുന്നു.
എല്ലാവരുടെയും പണം തിരികെ നൽകുമെന്ന് അറസ്റ്റിലായ ദിവസം സജി സാം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, പോപ്പുലർ ഫിനാൻസ് മോഡലിൽ കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്യാൻ നീക്കമുണ്ട്.