യഥാർത്ഥ ഇടതുപക്ഷ, മാർക്സിസ്റ്റ് വിശ്വാസിയായ ഒരാളെ കൊല ചെയ്യുന്ന പാർട്ടിയായ സിപിഎമ്മിനെ എങ്ങനെയാണ് വിശ്വസിക്കാൻ സാധിക്കുകയെന്ന് എംഎൽഎയും കൊലചെയ്യപ്പെട്ട ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ. കൗമുദി ടിവിയുടെ 'സ്ട്രെയിറ്റ് ലൈൻ' അഭിമുഖ പരിപാടിയിൽ സംസാരിക്കുകവേയാണ് രമ ഇക്കാര്യം പറഞ്ഞത്.
എന്നെങ്കിലും ഒരിക്കൽ സിപിഎമ്മിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു വടകര എംഎൽഎ. ടിപി ചന്ദ്രശേഖരനെ പോലെ ഒരാളെ കൊല ചെയ്യാൻ തീരുമാനമെടുത്ത ഒരു പാർട്ടിയിൽ ഇനിയും വിശ്വസിക്കാൻ കഴിയുമോ എന്നും പാർട്ടി തെറ്റുതിരുത്തും എന്ന് കരുതാൻ പറ്റുമോ എന്നും രമ ചോദിച്ചു.
പാർട്ടി തെറ്റുതിരുത്തുമെന്നും തിരിച്ച് സിപിഎമ്മിലേക്ക് പോകാൻ കഴിയും എന്ന് വിശ്വസിച്ച ഒരു കാലമുണ്ടായിരുന്നു. പ്രശ്നങ്ങളൊക്കെ അവസാനിച്ച് ഒരൊറ്റ രാഷ്ട്രീയ പാർട്ടിയായി പോരാട്ടം നടത്താൻ കഴിയും എന്ന് വിശ്വസിച്ച ഒരു കാലം എന്നാൽ പാർട്ടി തെറ്റ് തിരുത്തിയില്ല എന്ന് മാത്രമല്ല ടിപിയെ ഉന്മൂലനം ചെയ്യുകയും ആർഎംപിയിൽ പ്രവർത്തിച്ചവരെ മുഴുവൻ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിച്ചത്. രമ പറഞ്ഞു.
എത്രയാളുകൾക്കാണ് മർദ്ദനമേറ്റത്. ഇപ്പോഴും വികലാംഗരായി നടക്കുന്നവർ ഞങ്ങളുടെ പാർട്ടിയിലുണ്ട്. സിപിഎമ്മിന്റെ മുമ്പിൽ പിടിച്ചുനിന്നുകൊണ്ട് ഞങ്ങൾ നടത്തിയ പോരാട്ടങ്ങൾ. ആർഎംപിയിലേക്ക് വന്ന ആളുകളൊന്നും ഏതെങ്കിലും സ്വാർത്ഥത കൊണ്ടോ സ്ഥാനമാനങ്ങൾ കിട്ടുമെന്നോ പ്രതീക്ഷിച്ച് വന്നതല്ല. നിലപാടെടുത്ത്ഒപ്പം ചേർന്ന മനുഷ്യരുണ്ട്. അവർ അനുഭവിച്ച വേദനകളുണ്ട്.
എത്രമാത്രം പീഡനങ്ങൾ അവർക്കെതിരെ നടന്നു. കള്ളക്കേസുകളിൽ കുടുക്കിയതുകാരണം ജോലിക്ക് പോകാൻ കഴിയാത്ത ചെറുപ്പക്കാർ ഇന്നും അവിടെയുണ്ട്. എങ്ങനെയാണ് ആ പാർട്ടി ഒരു പ്രദേശത്തെ ജനങ്ങളെ സമീപിച്ചതെന്ന് മനസ്സിലാക്കണമെങ്കിൽ ഒഞ്ചിയത്തേക്ക് വന്നാൽ മതി. അങ്ങനെ അവർക്ക് പെരുമാറാൻ കഴിയുമെങ്കിൽ ആ പാർട്ടി തെറ്റുതിരുത്തുമെന്ന് നമുക്ക് പറയാൻ കഴിയുമോ. കെ കെ രമ ചോദിക്കുന്നു.