കവരത്തി : ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ നിയമപരമായ അധികാരപരിധിയിൽ നിന്ന് മാറ്റാൻ നീക്കമെന്ന വാർത്തകൾ നിഷേധിച്ച് ദ്വീപ് ഭരണകൂടം. അത്തരത്തിലുള്ള എല്ലാ വാർത്തകളും തെറ്റാണെന്ന് ജില്ലാ കളക്ടർ എസ് അസ്കർ അലി വ്യക്തമാക്കി.
കർണാടക ഹൈക്കോടതിയുടെ നിയമാധികാരപരിധിയിലേക്ക് ലക്ഷദ്വീപിനെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു റിപ്പോർട്ട്. അഡ്മിനിസ്ട്രേഷനെതിരെ നിരവധി കേസുകൾ കേരള ഹൈക്കോടതിയിൽ വന്ന സാഹചര്യത്തിലാണ് നീക്കം എന്നാണ് വാർത്താ ഏജൻസി വ്യക്തമാക്കിയത്.
ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ ഘോഡാ പട്ടേൽ കൊണ്ടുവന്ന പുതിയ നയങ്ങൾക്കെതിരെ ഒരുകൂട്ടം ഹർജികൾ കേരളാ ഹൈക്കോടതിയിൽ നിലവിലുണ്ട്. ചലച്ചിത്രപ്രവർത്തക അയ്ഷ സുൽത്താനയുടെ മുൻകൂർജാമ്യ ഹർജി അടക്കം പരിഗണിച്ചത് കേരളാ ഹൈക്കോടതിയാണ്.