കൊച്ചി: പ്രമുഖ ജാപ്പനീസ് ടൂവീലർ നിർമ്മാതാക്കളായ യമഹയുടെ ആദ്യ നിയോ-റെട്രോ മോട്ടോർസൈക്കിളായ എഫ്.സീ-എക്സ് ഇന്ത്യൻ വിപണിയിലെത്തി. 1.16 ലക്ഷം രൂപ മുതലാണ് ഡൽഹി എക്സ്ഷോറൂം വില. കമ്പനിയുടെ ജനപ്രിയ സ്കൂട്ടറായ ഫാസീനോ 125ന്റെ ഹൈബ്രിഡ് പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.
എയർകൂൾഡ്, 4-സ്ട്രോക്ക്, 149 സി.സി എൻജിനാണ് എഫ്.സീ-എക്സിനുള്ളത്. 7,250 ആർ.പി.എമ്മിൽ 12.4 പി.എസ് കരുത്തുള്ളതാണ് എൻജിൻ. പഴയകാലത്തെ പ്രതാപം ഓർമ്മിപ്പിക്കുന്ന ക്ളാസിക് ഡിസൈനും ആധുനിക ഫീച്ചറുകളും സമന്വയിക്കുന്നു എന്നതാണ് നിയോ-റെട്രോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായോഗികമായും സാങ്കേതികമായും സ്റ്റൈലിഷ് ലുക്കിലും ഏറെ മികച്ചതെന്ന വിശേഷണമാണ് എഫ്.സീ-എക്സിന് യമഹ നൽകുന്നത്. മികച്ച പെർഫോമൻസും ദീർഘകാല ഈടുനിൽപ്പും കമ്പനി ഉറപ്പുനൽകുന്നു. ശ്രേണിയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കുമെന്നും കമ്പനി പറയുന്നു. ബ്ളൂടൂത്ത് ഉള്ള എഫ്.സീ-എക്സ് മോഡലിന് എക്സ്ഷോറൂം വില 1.19 ലക്ഷം രൂപയാണ്.