kk

കണ്ണൂർ: ബ്രണ്ണൻ കോളേജ് വിവാദത്തിൽ കെ സുധാകരനെതിര നിയമനടപടിക്കില്ലെന്ന് സുധാകരൻ പരാമർശിച്ച ഫ്രാൻസിസിന്റെ മകൻ ജോബി വ്യക്തമാക്കി. അച്ഛന്റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും ജോബി പറഞ്ഞു. സുധാകരനെ കാണാൻ കണ്ണൂരിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാമ്പസിൽ വച്ച് ഫ്രാൻസിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതുകൊണ്ട് രക്ഷപ്പെട്ടെന്നുമായിരുന്നു സുധാകരന്റെ വിവാദ പരാമർശം. സുധാകരൻറെ പരാമർശം വേദനിപ്പിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും ദിവസങ്ങൾക്ക് മുമ്പ് ജോബി പറഞ്ഞിരുന്നു. മൈക്ക് കൊണ്ട് അച്ഛൻ പിണറായിയെ ആക്രമിച്ചെന്നത് കെട്ടുകഥയാണെന്നും അന്ന് ജോബി വിശദീകരിച്ചിരുന്നു.അച്ഛൻ ഫ്രാൻസിസിന് പിണറായി വിജയനുമായി പിൽക്കാലത്തും സൗഹൃദമുണ്ടായിരുന്നു. അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ജോബി പറഞ്ഞിരുന്നു.