hh

കുവൈറ്റ് സിറ്റി: ഓഗസ്റ്റ് ഒന്ന് മുതൽ വാക്സിൻ എടുക്കാത്ത ഗാർഹിക തൊഴിലാളികൾക്കും രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് കുവൈറ്റ്. എന്നാൽ ഇങ്ങനെയുള്ളവർ14 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ‌റീനിൽ കഴിയണമെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. ആഗസ്റ്റ് 1 മുതൽ രാജ്യത്ത് വിദേശികൾക്ക് പ്രവേശനം നല്കാൻ കുവൈറ്റ് തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും ഇഖാമയുള്ള വിദേശികൾക്കാണ് പ്രവേശനം സാദ്ധ്യമാകുക. ഇതിന് പുറമേയാണ് ഗാർഹിക തൊഴിലാളികൾക്ക് ഇളവ് നല്കുമെന്ന പ്രഖ്യാപനം.

എന്നാൽ രാജ്യത്തേക്ക് വരുന്നവർ കുവൈറ്റിൽ എത്തുന്നതിന് 72 മണിക്കൂർ സമയപരിധിക്കുള്ളിൽ നടത്തിയ പി.സി.ആർ പരിശോധന നെഗിറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

കുവൈറ്റ് വിമാനത്താളത്തിൽ എത്തിയാലുടൻ വീണ്ടും പരിശോധനയുണ്ടാകും. ഫൈസർ, അസ്ട്രസെനിക, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നിവയാണ് കുവൈറ്റിൽ അംഗീകരിച്ച വാക്സീനുകൾ. ഇന്ത്യയിൽ നൽകുന്നത് കൊവാക്സിനും കൊവിഷീൽഡുമായതിനാൽ പ്രവാസികൾ ആശയക്കുഴപ്പത്തിലാണ്. കൊവിഷീൽഡും അസ്ട്രസെനികയും ഒരേ കമ്പനിയുടെ വാക്സിനുകളായതിനാൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.