തൃശൂർ: കൊവിഡ് ദുരിതകാലത്ത് ലോകമെമ്പാടുമുള്ള ജനങ്ങൾ യോഗയിലേക്ക് കൂടുതൽ അടുക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മഹാമാരി കാലത്ത് യോഗ നൽകുന്നത് പ്രതീക്ഷയുടെ കിരണമാണ്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ യോഗയ്ക്ക് പ്രാധാന്യം നൽകിയതെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ ബി ജെ പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്രയോഗദിനാചരണം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ പഠനവും പരിശീലനവും കരിക്കുലത്തിന്‍റെ ഭാഗമാക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറാവണം. കൊവിഡ് കാലത്ത് മാനസികമായ പ്രശ്‌നങ്ങൾക്കും വിഷാദരോഗത്തിനും പരിഹാരം കാണാൻ യോഗയ്ക്ക് സാധിക്കും. എല്ലാവർക്കും ആരോഗ്യവും സമാധാനവും നൽകാൻ യോഗയ്ക്ക് സാധിക്കട്ടേയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ചടങ്ങിൽ ജില്ലാപ്രസിഡൻ്റ് കെ കെ അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് എം എസ് സമ്പൂർണ, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്‌ണൻ, റിട്ട മേജർ ഡോ ഗോപിനാഥൻ നായർ, ജില്ലാ ജനറൽ സെക്രട്ടറി ആർ ഹരി എന്നിവർ പങ്കെടുത്തു. യോഗ അദ്ധ്യാപകൻ ബാബു കാരന്തരയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു.