കിഴക്കമ്പലം: വീടു നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ കബളിപ്പിച്ചതായി പരാതിപ്പെട്ട് വൃദ്ധയുടെ കുത്തിയിരിപ്പ് സമരം. കാരുകുളം,പാത്തിക്കുളങ്ങര ഏലിയാമ്മ വർഗീസാ(77)ണ് കിഴക്കമ്പലം പഞ്ചായത്ത് അധികൃതർക്കെതിരെ രംഗത്ത് വന്നത്. റോഡ് വികസനത്തിന്റെ പേരിൽ ഏലിയാമ്മയുടെ വീട് പഞ്ചായത്ത് അധികൃതർ പൊളിച്ച് മാറ്റിയിരുന്നു. പകരം വീട് നൽകുമെന്ന് പറഞ്ഞെങ്കിലും നാല് വർഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നാണ് പരാതി. ഇതുവരെ സമീപ പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിലായി വാടകകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കെട്ടിടയുടമ വാടക വീട്ടിൽ നിന്ന് ഇറക്കി വിട്ടതോടെ നേരത്തെ വീടിരുന്ന സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തി.
പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ സ്ഥലത്തെത്തി, പൊലീസിൽ വിവരം അറിയിച്ചു. തടിയിട്ടപറമ്പ് പൊലീസ് സ്ഥലത്തെത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. നാട്ടുകാരും പൊലീസും ചേർന്ന് വൃദ്ധയെ സുരക്ഷിതമായ വീട്ടിലേക്ക് മാറ്റി. നാട്ടുകാരുടെ സഹായത്തോടെ ഏലിയാമ്മക്ക് വീടു നിർമ്മിച്ച് നൽകുമെന്ന് എം.എൽ.എ അറിയിച്ചു.