കവരത്തി: ലക്ഷദ്വീപിന്റെ അധികാരപരിധി കേരളാ ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റുന്നതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ലക്ഷദ്വീപ് കളക്ടർ എസ് അസ്കർ അലി പറഞ്ഞു. "ലക്ഷദ്വീപിന്റെ അധികാരപരിധി കേരളാ ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റുന്നതിനെകുറിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഒരു നിർദ്ദേശവും നൽകിയിട്ടില്ല. ഇതിനെ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ എല്ലാം അടിസ്ഥാനരഹിതമാണ്," കളക്ടർ പത്രകുറിപ്പിൽ അറിയിച്ചു.
ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളെ എതിർത്ത് കേരളത്തിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ ചെറുക്കുന്നതിന് വേണ്ടിയാണ് ലക്ഷദ്വീപിന്റെ അധികാര പരിധി കേരളത്തിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റുന്നതെന്നായിരുന്നു പത്രവാർത്തകൾ. ഈ വാർത്തകളെ തുടർന്നാണ് ഇപ്പോൾ ഇത്തരത്തിലൊരു പത്രകുറിപ്പ് കളക്ർ ഇറക്കിയിരിക്കുന്നത്. ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേലിന്റെ നിരവധി ഭരണപരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിലും കേരളത്തിലുമായി ഒട്ടേറെ പ്രതിഷേധങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.