khali

ലുഥിയാന: ഡബ്‌ളിയു.ഡബ്‌ളിയു.ഇ റസ്‌ലിംഗ് മുൻ ചാമ്പ്യനും ഡബ്‌ളിയു.ഡബ്‌ളിയു.ഇ ഹാൾ ഓഫ് ഫെയിം അംഗവുമായ ദി ഗ്രേ‌റ്റ് ഖാലിയുടെ അമ്മ തന്ദി ദേവി നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ലുഥിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജിലായിരുന്നു മരണം. 75 വയസായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി തന്ദി ദേവി ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ചികിത്സയിലായിരുന്നു. സംസ്‌കാരം ഖാലിയുടെ ജന്മനാടായ ഹിമാചൽ പ്രദേശിലെ ധിരൈനിയ ഗ്രാമത്തിൽ നടത്തും.

ദിലീപ് സിംഗ് റാണ എന്ന പ്രൊഫഷണൽ ഗുസ്‌തി താരമാണ് ലോകപ്രശസ്‌തമായ അമേരിക്കയിലെ ഡബ്‌ളിയു.ഡബ്‌ളിയു.ഇയിൽ എത്തിയതോടം ദി ഗ്രേ‌റ്റ് ഖാലി എന്നറിയപ്പെട്ടത്. 2006 മുതൽ 2014 വരെ റസ്‌ലിംഗിൽ തുട‌ർന്ന ഖാലി ശേഷം പഞ്ചാബിലെത്തി പൊലീസായി ജോലിയിൽ ചേർന്നു. 2008ൽ ഡബ്‌ളിയു.ഡബ്‌ളിയു.ഇ ചാമ്പ്യനുമായി. അതുവഴി ഹോളിവുഡ്, ബോളിവുഡ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്‌തു. 2021ൽ ഡബ്‌ളിയു.ഡബ്‌ളിയു.ഇ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയ താരമാണ് ഖാലി. 400 പൗണ്ടിലധികം ഭാരവും ഏഴടി മൂന്നിഞ്ച് ഉയരവുമാണ് ഖാലിക്കുള‌ളത്.