visa

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനം അവസാനിക്കുന്നതോടെ ഇന്ത്യക്കാർക്ക് ഏ‌ർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് മയപ്പെടുത്തി വിവിധ രാജ്യങ്ങൾ. രാജ്യത്തെ കൊവിഡ് നിരക്ക് കുറഞ്ഞുവരുന്നതും ജനജീവിതം പൂർവസ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്‌തതോടെയാണ് ഇന്ത്യയിൽ നിന്നുള‌ള സഞ്ചാരികളെ വിവിധ രാജ്യങ്ങൾ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നത്.

ടൂറിസ്‌റ്റ് വിസയിൽ ഇന്ത്യക്കാ‌ർക്ക് സന്ദർശിക്കാവുന്ന രാജ്യങ്ങൾ റഷ്യ,യു.കെ,ഐസ്‌ലാൻഡ്, മൗറീഷ്യസ്, ഈജിപ്‌റ്റ്, സെ‌ർബിയ, തുർക്കി എന്നിവയാണ്. ഇവർ ഇന്ത്യൻ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കുകയോ ക്രമേണ പിൻവലിക്കുകയോ ചെയ്യും.

ദ്വീപ് രാഷ്‌ട്രമായ മൗറീഷ്യസ് ജൂലായ് 15 മുതൽ ടൂറിസ്‌റ്റ് വിസയിലെത്തുന്ന ഇന്ത്യൻ പൗരന്മാരെ സ്വീകരിക്കും. കൊവിഡ് നിയന്ത്രണങ്ങൾ നീക്കി ഘട്ടംഘട്ടമായാണ് മൗറീഷ്യസ് വിദേശികളെ സ്വീകരിക്കുക. വാക്‌സിൻ സ്വീകരിച്ച യാത്രക്കാരെയാണ് സ്വീകരിക്കുകയെന്ന് മൗറീഷ്യസ് സർക്കാർ അറിയിച്ചു. 14 ദിവസം ക്വാറന്റൈനിൽ ഇരുന്ന ശേഷം ആർ‌ടി പിസിആ‌ർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്കും രാജ്യത്തെ വിവിധയിടങ്ങൾ സന്ദർശിക്കാം.

ആഫ്രിക്കൻ രാജ്യമായ ഈജിപ്‌റ്റ് ഡെൽറ്റാ വകഭേദമുള‌ള രാജ്യങ്ങളിൽ നിന്നുള‌ളവരെ രാജ്യത്ത് അനുവദിക്കും. ഇന്ത്യയുൾപ്പടെയുള‌ള ഈ രാജ്യങ്ങളിൽ നിന്നും വരുന്നവർ രാജ്യത്തെത്തിയാലുടൻ റാപ്പിഡ് പരിശോധന നടത്തണം. പതിനഞ്ച് മിനിട്ട് നീളുന്ന ഐഡി നൗ എന്ന ഡി‌എൻ‌എ ടെസ്‌റ്റും എടുക്കണം. ഇതിന് ശേഷം രോഗമില്ലാത്തവർക്ക് രാജ്യത്തെ ഏത് ടൂറിസ്‌റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാം.

റഷ്യയിൽ ഇന്ത്യക്കാർക്ക് പ്രവേശനത്തിന് റഷ്യയിൽ നിന്നുള‌ള ഒരു സർക്കാർ അംഗീകൃത ടൂറിസ്‌റ്റ് ഏജൻസി ക്ഷണം വേണം. രാജ്യത്ത് ഇന്ത്യക്കാർ പ്രവേശിക്കുന്നതിന് ഇതുൾപ്പടെ വിവിധ മാർഗനിർദേശങ്ങൾ പാലിക്കണം. സിംഗിൾ എൻട്രിയോ ഡബിൾ എൻട്രിയോ ആയുള‌ള ടൂറിസ്‌റ്റ് വിസയ്‌ക്കും ഇന്ത്യക്കാർക്ക് അപേക്ഷിക്കാം. 30 ദിവസമാണ് ഇതിന്റെ കാലാവധി. രാജ്യത്ത് എത്തുന്നവ‌ർക്ക് ഉടൻ കൊവിഡ് പരിശോധാ സംവിധാനമുണ്ട്. 72 മണിക്കൂ‌ർ മുൻപെടുത്ത ആർ‌ടി പിസിആ‌ർ ഫലം കൈയിലുള‌ളവർക്കും പ്രവേശിക്കാം.

48 മണിക്കൂ‌ർ മുൻപെടുത്ത ആർ‌ടി പിസിആർ ഫലം കൈവശമുള‌ളവർക്ക് സെർബിയയിൽ പ്രവേശിക്കാം. റഷ്യയിലേക്കുള‌ള വിമാനചാർജിലും വളരെ കുറവാണ് സെർബിയയിലേക്കുള‌ളത്.

യൂറോപ്യൻ രാജ്യമായ തുർക്കിയിലും ഇന്ത്യൻ വിനോദസഞ്ചാരികളെ അനുവദിക്കും.എന്നാൽ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിലിരിക്കണം. സാധാരണ വിമാന നിരക്കിലും ഇരട്ടിയാണ് ഇത്തരത്തിൽ തുർക്കിയിലെത്താൻ ഇപ്പോൾ ചുമത്തുന്നത്.

രണ്ട് ഘട്ട വാക്‌സിനെടുത്തവർക്ക് ഐസ്‌ലാന്റിൽ പ്രവേശിക്കാം. എന്നാൽ വാക്‌സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മാത്രമല്ല ആർ‌ടി പിസിആർ നെഗറ്റീവ് ഫലവുമുണ്ടെങ്കിൽ ടൂറിസ്‌റ്റ് വിസ ലഭിക്കും.

നേരിട്ട് ഇപ്പോഴും ഇന്ത്യക്കാർക്ക് ടൂറിസ്‌റ്റ് വിസയിൽ പ്രവേശനാനുമതി ഉള‌ള രാജ്യമല്ല യു.കെ.എന്നാൽ ഐസ്‌ലാന്റിൽ പത്ത് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള‌ളവർക്ക് ടൂറിസ്‌റ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കാം.