ott

സർക്കാർ ഒ ടി ടി പ്ലാറ്റ് ഫോം ഓണത്തിനെത്തുന്ന എന്ന കേരള കൗമുദി റിപ്പോർട്ടിനോട് പ്രതികരിച്ച് സംവിധായകൻ ബിജുകുമാർ ദാമോദരൻ. വാർത്ത പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള ഒരു ഒ ടി ടി പ്ലാറ്റ്‌ഫോം ആരംഭിക്കുമ്പോൾ കൃത്യമായും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും കാഴ്ചപ്പാടും വ്യക്തമായി രൂപീകരിച്ചു മാത്രമേ മുന്നോട്ടു നീങ്ങാവൂവെന്ന് അദ്ദേഹം കുറിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ചില നിർദേശങ്ങളാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ജൂൺ നാലിന് സർക്കാർ ഓ റ്റി റ്റി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനെക്കുറിച്ചു ഒരു ദീർഘമായ കുറിപ്പ് എഴുതിയിരുന്നു. ഇപ്പോൾ സർക്കാർ ഓ റ്റി റ്റി ആരംഭിക്കുന്നതായുള്ള വാർത്ത കണ്ടപ്പോൾ ആ എഴുത്തിലെ ചില ഭാഗങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നു. സർക്കാർ പോളിസി തീരുമാനിക്കുന്നവർ ശ്രദ്ധിക്കുമല്ലോ.


തിരഞ്ഞെടുപ്പിന് മുൻപ് ബഹു മുഖ്യമന്ത്രി സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള ആളുകളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും കേൾക്കുന്നതിനായി ഒരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായി ചർച്ച നടത്തിയിരുന്നു . പത്തനംതിട്ട ജില്ലയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തപ്പോൾ സിനിമാ സാംസ്‌കാരിക രംഗത്തെപ്പറ്റിയുള്ള ചില നിർദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നു . അതിൽ പ്രധാനപ്പെട്ട ഒരു നിർദേശമായി സർക്കാർ ഓ റ്റി റ്റി എന്നത് സമർപ്പിച്ചിരുന്നു.


ഇത്തരം ഒരു ഓ ടി ടി പ്ലാറ്റ്‌ഫോം ആരംഭിക്കുമ്പോൾ കൃത്യമായും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും കാഴ്ചപ്പാടും വ്യക്തമായി രൂപീകരിച്ചു മാത്രമേ മുന്നോട്ടു നീങ്ങാവൂ . പരീക്ഷണാത്മകമായ കലാമൂല്യ സിനിമകളെ പ്രോത്സാഹിപ്പിക്കാനായി രൂപീകരിച്ച ചലച്ചിത്ര അക്കാദമി പിൽക്കാലത്ത് എങ്ങിനെയാണ് അതിന്റ അക്കാദമിക് സ്വഭാവം മറന്നു മുഖ്യധാരാ കച്ചവട സിനിമയുടെ കയ്യിലെക്കെത്തിയത് എന്ന ഉദാഹരണം നമുക്ക് മുൻപിലുണ്ട് . അതേപോലെ പുരസ്‌കാരങ്ങൾ ലഭിക്കുന്ന സ്വതന്ത്ര സിനിമകളുടെ തിയറ്റർ റിലീസിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സർക്കാർ തിയറ്ററുകളിൽ നിന്നും പുരസ്‌കാരം കിട്ടുന്ന സിനിമകൾക്ക് റിലീസ് ചെയ്യാൻ അവസരം നൽകാതെ പുറന്തള്ളി അവിടെയും കച്ചവട സിനിമകൾ മാത്രം റിലീസ് ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയതും നമുക്ക് മുൻപിൽ ഉദാഹരണമാണ് . അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകൾക്ക് ധാരാളമായി തിയറ്റർ റിലീസും, ടെലിവിഷൻ റിലീസും ,ഓ ടി ടി റിലീസും ഒക്കെ കിട്ടുന്ന ഒരു നാട്ടിൽ സർക്കാർ ഒരു ഓ ടി ടി പ്ലാറ്റ്‌ഫോം തുടങ്ങുകയാണെങ്കിൽ കച്ചവടം അല്ല മുന്നിൽ കണേണ്ടത് മറിച്ചു സാംസ്‌കാരികവും സാമൂഹ്യവും രാക്ഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ഒരു ആശയ പ്രചാരണത്തിന്റെ വേദി ആയും ഗൗരവമുള്ള ഒരു കാഴ്ചാ സംസ്‌കാരത്തിന്റെ ഊട്ടിയുറപ്പിക്കലും ആയി വേണം അതിനെ സമീപിക്കേണ്ടത് . ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ദൃശ്യ രംഗത്തെ സാംസ്‌കാരിക മുന്നേറ്റത്തിനായുള്ള തുടക്കം ആകണം ഇത് .
ഓ ടി ടി പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ താഴെ പറയുന്ന രീതിയിൽ കൃത്യമായ മാനദണ്ഡങ്ങളോടെ ക്രമീകരിക്കേണ്ടതുണ്ട്.
ഓ ടി ടി പ്ലാറ്റ്‌ഫോമിൽ സംപ്രേഷണം ചെയ്യേണ്ട സൃഷ്ടികളുടെ മാനദണ്ഡം കൃത്യമായി നിർവചിക്കണം.
അ സിനിമകൾ , ഡോക്കുമെന്ററികൾ , ലഘു ചിത്രങ്ങൾ
സംസ്ഥാന ദേശീയ പുരസ്‌കാരം നേടിയ മലയാള സിനിമകൾ , പ്രധാനപ്പെട്ട അന്തർദേശീയ ചലച്ചിത്ര മേളകളിൽ (എകഅജഎ അക്രെഡിറ്റഡ് ) പ്രദർശിപ്പിച്ച മലയാള സിനിമകൾ , ഗോവ മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലും , കേരള ചലച്ചിത്ര മേളയിലും തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ . കേരള ഡോക്കുമെന്ററി ചലച്ചിത്ര മേളയിൽ ( കഉടഎഎഗ ) തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ എന്നിവക്ക് ആകണം മുൻഗണന.
ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് തിയറ്റർ റിലീസ് , ടെലിവിഷൻ സംപ്രേഷണം , മറ്റു ഓ ടി ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ എന്നിവ വീണ്ടും വീണ്ടും കാണിക്കുവാനുള്ള ഒരു പ്ലാറ്റ്‌ഫോം ആക്കി ഇത് മാറ്റരുത് എന്നതാണ് .


ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ മാസ്റ്റർ ഫിലിം മേക്കർമാരുടെ സിനിമകളുടെ പക്കേജുകൾ , മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമകൾ എന്നിവ ലഭ്യമാക്കണം.
മറ്റു ഇന്ത്യൻ പ്രദേശിക ഭാഷകളിൽ നിന്നും ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ സിനിമകൾ . ശ്രദ്ധേയമായ ലോക ക്ലാസ്സിക് സിനിമകളുടെ വിഭാഗം എന്നിവയും ഉൾപ്പെടുത്താവുന്നതാണ് .


ആ നാടകങ്ങൾ
പരീക്ഷണ നാടകങ്ങൾക്ക് മുൻതുക്കം നൽകണം . കേരള അന്താരാഷ്ട്ര തിയറ്റർ മേളയിൽ (കഠഎഛഗ ) തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾ , ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധേയമായ നാടകങ്ങൾ എന്നിവ പ്രദർശിപ്പിക്കുവാനുള്ള ഒരു വേദി ആകണം .


കൂടുതൽ മാനദണ്ഡങ്ങൾ വിപുലമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്താവുന്നതാണ് .
ഏതായാലും ദൃശ്യ സംസ്‌കാരത്തിന്റെ ഒരു പുതു രാഷ്ട്രീയവും സാംസ്‌കാരികതയും സാമൂഹികതയും കലാപരതയും ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം ഓ ടി ടി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു എങ്കിൽ അത് തീർച്ചയായും കേരളം തന്നെ ആകണം . സിനിമയും നാടകവും ഡോക്കുമെന്ററിയും ഒക്കെ കേവലം വിനേദോപാധി എന്നതിനപ്പുറം ഒരു സമൂഹത്തിന്റെ കലാപരമായ സാംസ്‌കാരികത അടയാളപ്പെടുത്തുന്ന സാമൂഹ്യ രാഷ്ട്രീയം കൂടിയാണ് എന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കാൻ ആദ്യം മുന്നിട്ടിറങ്ങേണ്ടത് കേരളം തന്നെ ആകണം .


ചആ സിനിമകൾ എടുക്കുമ്പോൾ റവന്യു ഷെയർ, അല്ലെങ്കിൽ അപ്ഫ്രണ്ട് തുക ഒക്കെ എങ്ങനെ നിർമാതാക്കൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആകും, നിലവിലുള്ള രീതികളിൽ നിന്നും എങ്ങനെ വ്യത്യാസപ്പെടും, എന്നതൊക്കെ വിശദമായി ചർച്ച ചെയ്യേണ്ടതാണ്. അത്തരം കാര്യങ്ങൾ പിന്നാലെ എഴുതാം.