kashmir

​​​ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ ലഷ്‌കറി തയ്ബ കമാണ്ടര്‍ മുദസീര്‍ പണ്ഡിറ്റ് ഉൾപ്പടെ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. സൊപ്പോറിൽ തന്ത്രേപുര ഗ്രാമത്തിലാണ് മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. കരസേനയും ജമ്മുകാശ്‌മീർ പൊലീസും സി ആര്‍ പി എഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മൂന്നുപേരെ വധിച്ചത്.

പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് മൂന്ന് ദിവസം മുമ്പാണ് താഴ്വരയിൽ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്. അടുത്തിടെ ചില ജനപ്രതിനിധികളെ ഉൾപ്പടെ വധിച്ചതിൽ കൊല്ലപ്പെട്ട മുദസീര്‍ പണ്ഡിറ്റിന് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.

അതേസമയം, സര്‍വ്വകക്ഷി യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടോ എന്നതിൽ നാഷണൽ കോണ്‍ഫറൻസിൽ ചര്‍ച്ചകൾ തുടരുകയാണ്. ഇക്കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്ന് ഫറൂഖ് അബ്‌ദുള്ള വ്യക്തമാക്കി. പി ഡി പി നേതാവ് നൈം അക്തറെ യോഗത്തിന് മുന്നോടിയായി വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. മെഹബൂബ് മുഫ്‌തിയുടെ അമ്മാവൻ സര്‍താജ് അസീസ് ഉൾപ്പടെ രണ്ട് പി ഡി പി നേതാക്കളെ കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു.