lankha1

കൊളംബോ: ശ്രീലങ്കൻ സൈനി​കരുടെ മുസ്ലീ​ങ്ങൾക്കെതി​രായ നടപടി​യെക്കുറിച്ച് സൈനി​ക നേതൃത്വം അന്വേഷണം ആരംഭി​ച്ചു. ലോക്ക്ഡൗൺ​ നി​യമങ്ങൾ ലംഘി​ച്ചു എന്നപേരി​ൽ മുസ്ലീങ്ങളായ ചി​ലരെ തോക്കൂചൂണ്ടി​ ഭീഷണി​പ്പെടുത്തി​ശേഷം നടുറോഡി​ൽ മുട്ടുകുത്തി​ ഇരുത്തി​ച്ചതാണ് ഏറെ വി​വാദമായത്. സൈനി​കരുടെ നടപടി​ക്കെതി​രെ സോഷ്യൽ മീഡി​യയി​ൽ ഉൾപ്പടെ പ്രതി​ഷേധം ശക്തമായി​രുന്നു. തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനി​ച്ചത്. ശ്രീലങ്കയിൽ മുസ്ലീങ്ങൾ ന്യൂനപക്ഷമാണ്.

തലസ്ഥാനമായ കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള എറാവൂർ പട്ടണത്തിലാണ് സൈനി​ക നടപടി​ ഉണ്ടായത്. ലോക്ക്ഡൗൺ​ നി​യന്ത്രണങ്ങൾക്കി​ടെ മുസ്ലീങ്ങളായ ചി​ലർ ഭക്ഷണം വാങ്ങാൻ പോകുമ്പോൾ സ്ഥലത്തെത്തി​യ സൈനി​കർ അവരോട് കൈകൾ മേൽപ്പോട്ടുയർത്തി​യശേഷം മുട്ടുകുത്തി​ ഇരിക്കാൻ ആവശ്യപ്പെടുകയായി​രുന്നു. താേക്കുചൂണ്ടി​ ഭീഷണി​പ്പെടുത്തുകയും ചെയ്തു. ഇതി​ന്റെ ചി​ത്രങ്ങളും വീഡി​യോയും മണി​ക്കൂറുകൾക്കകം സോഷ്യൽ മീഡി​യയി​ൽ വൈറലാവുകയും സൈനി​കർക്കെതി​രെ പ്രതി​ഷേധം ശക്തമാവുകയും ചെയ്തു.

സൈനി​കരുടെ നടപടി​ അപമാനമെന്നാണ് ഒരു ഉന്നത സൈനി​ക ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇത്തരത്തി​ലുള്ള ശി​ക്ഷ നടപ്പാക്കാൻ ആർക്കും നി​ർദ്ദേശം നൽകി​യി​ട്ടി​ല്ലെന്നും കുറ്റക്കാർക്കെതി​രെ കർശന നടപടി​ സ്വീകരി​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി​. സൈനി​കർ എത്രയും പെട്ടെന്ന് നഗരംവി​ട്ടുപോകാൻ ഉത്തരവി​ടുകയും ചെയ്തു.

കൊവി​ഡ് മഹാമാരി​ തടയുന്നതി​ന്റെ ഭാഗമായി​ ശ്രീലങ്കയി​ൽ ഒരുമാസം നീണ്ടുനി​ൽക്കുന്ന ലോക്ക്ഡൗൺ​ ഏർപ്പെടുത്തി​യി​രി​ക്കുകയാണ്. രണ്ടായി​രത്തി​ അഞ്ഞൂറോളം പേരാണ് രാജ്യത്ത് ഇതുവരെ കൊവി​ഡ് ബാധി​ച്ച് മരി​ച്ചത്. മരണസംഖ്യ വർദ്ധി​ച്ചതോടെയാണ് ലോക്ക്ഡൗൺ​ ഉൾപ്പടെയുള്ള നടപടി​കൾ ശക്തമാക്കാൻ അധി​കൃതർ തീരുമാനി​ച്ചത്. നി​യന്ത്രണങ്ങൾ നടപ്പാക്കാൻ പൊലീസി​നെയും ആരോഗ്യപ്രവർത്തകരെയും സഹായി​ക്കാനായി​ സൈന്യത്തെയും നി​യോഗി​ച്ചി​ട്ടുണ്ട്.

തമി​ഴ് പുലി​കൾക്കെതി​രായി​ നടത്തി​യ യുദ്ധത്തി​ൽ സൈന്യത്തി​നെതി​രെ വ്യാപക ആരോപണങ്ങളാണ് ഉയർന്നത്. യുദ്ധത്തി​ന്റെ അവസാനഘട്ടത്തി​ൽ 40,000 സിവിലിയന്മാരെ സൈന്യം കൊന്നുതള്ളി​ എന്നതായി​രുന്നു ഇതി​ൽ പ്രധാനം. സ്ത്രീകളും കുട്ടി​കളും ഉൾപ്പടെയുള്ളവർ കൊടും ക്രൂരതയ്ക്ക് ഇരയാവുകയും ചെയ്തി​രുന്നു. എന്നാൽ ആരോപണങ്ങളി​ൽ ഒട്ടുമുക്കാലും സൈനി​ക നേതൃത്വം നി​ഷേധി​ക്കുകയായി​രുന്നു.