vismaya

കൊല്ലം: കൊല്ലത്ത് യുവതി ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തിൽ കൊല്ലം റൂറല്‍ എസ് പിയോട് റിപ്പോര്‍ട്ട് തേടിയതായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് നടപടി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്‌മയയാണ് മരിച്ചത്.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്‍റെ ശാസ്‌താംകോട്ടയ്ക്ക്ടുത്ത് ശാസ്‌തനടയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

യുവതിയുടെ വീട്ടുകാരെ പുലര്‍ച്ചെ വിസ്‌മയ തൂങ്ങി മരിച്ചുവെന്ന വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നിലമേലില്‍ നിന്നും ശാസ്‌താംകോട്ടയിലെത്തി. എന്നാല്‍ ബന്ധുക്കള്‍ എത്തുന്നതിന് മുമ്പു തന്നെ മൃതദേഹം വീട്ടില്‍ നിന്നും മാറ്റിയിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് നിരന്തരം വിസ്‌മയയെ മര്‍ദ്ദിക്കുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞദിവസം ബന്ധുക്കള്‍ക്ക് വിസ്‌മയ മര്‍ദ്ദനമേറ്റതിന്‍റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നു. ഈ തെളിവുകള്‍ ബന്ധുക്കള്‍ പുറത്തുവിട്ടു. ഈ സാഹചര്യത്തില്‍ വിസ്‌മയയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബലമായി സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.