telengana

സിദ്ധിപേട്ട്: ജില്ലാ കളക്‌ടറുടെ ഓഫീസ് ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ കാലിൽവീണ് ജില്ലാ കളക്‌ടർ. തെലങ്കാനയിലെ സിദ്ധിപേട്ടിലെ പുതിയ കളക്‌ടറേ‌റ്റിൽ ഞായറാഴ്‌ചയാണ് സംഭവം. ഉദ്‌ഘാടനം നടത്തിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ കാലിൽ വീണ കളക്‌ടർ വെങ്കട്‌റാം റെഡ്‌ഡി താൻ ചെയ്‌ത പ്രവർത്തിയെ ന്യായീകരിക്കുകയും ചെയ്‌തു.

മുഖ്യമന്ത്രി തനിക്ക് അച്ഛന് തുല്യനായ മനുഷ്യനാണ്. ഞായറാഴ്‌ച ഫാദേഴ്‌സ് ഡേയായതിനാൽ അതിൽ തെറ്റൊന്നും കാണുന്നില്ലെന്നാണ് കളക്‌ടറുടെ മറുപടി. സംഭവത്തിന്റെ വൈറലായ വീഡിയോയിൽ കാണുന്നത് ഇങ്ങനെയാണ്. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീ‌റ്റിൽ ഇരിക്കുകയായിരുന്നു ജില്ലാ കളക്‌ടർ വെങ്കട്‌റാം റെഡ്‌ഡി. മറ്റ് വിശിഷ്‌ടാതിഥികളും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ റെഡ്‌ഡി മുഖ്യമന്ത്രിയുടെ കാൽക്കൽ വീഴുകയായിരുന്നു. മുഖ്യമന്ത്രി കളക്‌ടറുടെ ശ്രമം തടയാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

താൻ ചെയ്‌തത് തെലങ്കാനയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കളക്‌ടർ റെഡ്‌ഡി പറഞ്ഞു. പുതിയതായി ചാർജെടുക്കും മുൻപെ അനുഗ്രഹം വാങ്ങിയതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ കളക്‌ടറുടെ നടപടിയിൽ തെലങ്കാന ബിജെപി ശക്തിയായി പ്രതിഷേധിച്ചു. സിദ്ധിപേട്ട് കളക്‌ടർ തന്റെ യജമാനനോടുള‌ള വിശ്വാസ്യത കാണിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് കെ.കൃഷ്‌ണ സാഗർ റാവു വിമർശിച്ചു. ഇത്തരം നടപടികൾ ഒരു ഐ‌എഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലായിരുന്നെന്നും ഇത് ഐ‌എ‌എസിന്റെ അന്തസും സ്വാതന്ത്ര്യവുമെല്ലാം കളഞ്ഞുകുളിക്കുന്നതാണെന്നും റാവു പറഞ്ഞു.

സംഭവം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയോടാണ് ഭരണത്തിലിരിക്കുന്ന ആളോടല്ല കൂറ് പുലർത്തേണ്ടതെന്ന് റെഡ്‌ഡി മറന്നുപോയെന്ന് കോൺഗ്രസ് വക്താവ് ശ്രാവൺ ദസോജു പറഞ്ഞു. ഇത് തെലങ്കാനയിലെ ഭരണതലത്തിലെ ഏകാഥിപത്യവും അരാജകത്വവും തുറന്ന് കാട്ടുന്നതായും അദ്ദേഹം പറഞ്ഞു.