ലക്നൗ:രാജ്യാന്തര ബന്ധമുള്ള മതപരിവർത്തന റാക്കറ്റിലെ അംഗങ്ങളെന്നുകരുതുന്ന രണ്ടുപേരെ ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ ടി എസ്) അറസ്റ്റുചെയ്തു. ദക്ഷിണ ഡൽഹിയിലെ ജാമിയ നഗർ സ്വദേശികളായ മുഫ്തി കാസി ജഹാംഗീർ ഖാസ്മി, മുഹമ്മദ് ഉമർ ഗതം എന്നിവരാണ് അറസ്റ്റിലായത്.
സ്ത്രീകളെയും ബധിരരായ കുട്ടികളെയുമാണ് പ്രധാനമായും മതംമാറ്റുന്നത്. ഇതുവരെ ആയിരത്തിലധികം പേരെ ഇവർ മതപരിവർത്തനത്തിന് വിധേയരാക്കിയിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. നോയിഡയിലെ ബധിർക്കുള്ള സ്കൂളിലെ ഒരു ഡസനിലധികം കുട്ടികളെ ഇവർ മതപരിവർത്തനം നടത്തിയതായും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിദേശത്ത് നിന്ന് റാക്കറ്റിന് ധനസഹായം ലഭിച്ചതിന് വ്യക്തമായ തെളിവുകളും രേഖകളും കിട്ടിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് എ.ഡി.ജി (ക്രമസമാധാനം) പ്രശാന്ത് കുമാർ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ പുതിയ മതപരിവർത്തന വിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തത്. ഇവരുമായി ബന്ധമുള്ളവർക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.