പൃഥ്വിരാജിന്റെ ത്രില്ലർ ചിത്രം കോൾഡ് കേസിന്റെ ട്രെയിലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. ദുരൂഹമായ ഒരു കൊലപാതകം, സമർഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ,അതീന്ദ്രിയശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൽപ്പരയായ ഒരു മാദ്ധ്യമപ്രവർത്തക, ഇവരിലൂടെ വികസിക്കുന്ന സങ്കീർണമായ കഥാഗതിയാണ് ഈ ത്രില്ലർ ചിത്രത്തിനുള്ളത്. അതിഥി ബാലനാണ് നായിക.
ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആൻറ്റോ ജോസഫും, പ്ലാൻ ജെ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂൺ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രത്തിന്റെ ഗ്ലോബൽ പ്രീമിയർ ആരംഭിക്കും.സങ്കീർണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോൾഡ് കേസ്.
കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന തിരുവനന്തപുരത്തെ സമർഥനായ പൊലീസ് ഉദ്യോഗസ്ഥൻ എസിപി സത്യജിത്തിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കൊലപാതകത്തിനു പിന്നിലെ നിഗൂഢതകൾ ഒന്നൊന്നായി സത്യജിത്ത് ചുരുളഴിക്കുമ്പോൾ അപ്രതീക്ഷിതമായി മറ്റൊരിടത്ത് അമാനുഷിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുന്നു. സമാന്തരമായ അന്വേഷണ വഴികളിലൂടെ നീങ്ങുന്ന എസിപി സത്യജിത്തും അന്വേഷണാത്മക മാദ്ധ്യമപ്രവർത്തക മേധാ പത്മജയും അവിശ്വസനീയമായ ചില രഹസ്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.