വിവര സുരക്ഷയെ സംബന്ധിച്ച് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതായി കണ്ടെത്തിയ പബ്ജി ഗെയിമിംഗ് ആപ്പിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ചൈനീസ് കമ്പനിയായ ടെൻസെന്റിന് ഗെയിമിൽ വലിയ നിക്ഷേപമുളളതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇന്ത്യയിൽ വലിയ ജനപ്രിയതയുളള ആപ്പിന് നിരോധനം ഏർപ്പെടുത്തിയതിൽ അന്ന് ഗെയിം നിർമ്മാതാക്കൾക്ക് വലിയ ആശങ്കയുണ്ടായി. കേന്ദ്ര സർക്കാർ പറഞ്ഞ സുരക്ഷാ മാനദണ്ഡം പാലിച്ച് അവർ പുറത്തിറക്കിയ പബ്ജിയുടെ ഇന്ത്യൻ പതിപ്പിലും പക്ഷെ വിവരങ്ങൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്.
ആപ്പ് ഡെവലപർമാരായ ക്രാഫ്‌റ്റണിന്റെ പിഴവിൽ നിന്നാണ് ഇങ്ങനെ സംഭവിച്ചത്. ഗെയിം ഇൻസ്‌റ്റാൾ ചെയ്‌തവരുടെ വിവരങ്ങൾ അയക്കുന്നത് ചൈനീസ് സെർവറിലേക്കാണ്. ഇവയിലൊന്ന് പബ്‌ജിയുയെ മുഖ്യ ഓഹരി ഉടമകളായ ടെൻസെന്റിന്റെ സെർവറിലേക്കാൈണ്. ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഉപഭോക്താക്കളുടെ വിവരങ്ങൾ ഹോങ്‌കോംഗ്, മോസ്‌കോ, അമേരിക്ക, മുംബയ് എന്നിവിടങ്ങളിലെ സെർവറിലാണ് കൂടുതലും ശേഖരിക്കുന്നത്.
വിവരങ്ങൾ അയക്കുന്ന പ്രാദേശിക സെർവറുകളല്ലാത്തവയിൽ നടത്തിയ പരിശോധനയിലാണ് ചിലവ ചൈനയിലുളള സെർവറാണെന്ന് കണ്ടെത്തിയത്. പാക്കർ സ്നിഫർ ആപ്പുകളിൽ കണ്ട ഐപി അഡ്രസുകളുടെ ഉൽഭവം എവിടെയെന്ന് നടത്തിയ അന്വേഷണത്തിൽ ഐജിഎൻ ഇന്ത്യ ഒരു ഐപി അഡ്രസിലെത് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുളള ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസ് കോർപറേഷന്റേതാണെന്ന് മനസ്സിലാക്കി. ഇതിന്റെ സെർവർ ബീജിംഗിലാണുളളത്. ഗെയിം ഡാറ്റ ഈ സെർവറിലേക്ക് അയക്കുന്നതായും കണ്ടെത്തി. ടെൻസെന്റ് കമ്പനി സെർവറുകളുമായും ഗെയിമിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇത് ചൈനീസ് സർക്കാരുമായി ബന്ധമില്ലെന്ന് ടെൻസെന്റ് അറിയിച്ചതിന് ഘടകവിരുദ്ധമാണ്.
ഇന്ത്യയിലെ പബ്ജി കളിക്കാരുടെ ഡാറ്റകൾ ഇന്ത്യയിലെയും സിംഗപൂരെയും സെർവറുകളിലേക്ക് മാറ്റുമെന്നാണ് ടെൻസെന്റ് അറിയിച്ചിരുന്നത്. എന്നാൽ നിയമപരമായ ആവശ്യകതകൾക്കായി മറ്റ് രാജ്യങ്ങളിലേക്ക് ഡാറ്റ കൈമാറ്റമാകാമെന്നും കമ്പനി സ്വകാര്യതാ നയത്തിൽ പരാമർശിച്ചിരുന്നു.
ഇന്ത്യയുടെ സുരക്ഷയ്‌ക്കും പരമാധികാരത്തിനും കടുത്ത ഭീഷണിയാണെന്ന് കാട്ടിയാണ് പബ്‌ജി ഉൾപ്പടെ 118 ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്