kim

പ്യോംഗ്യാംഗ്(ഉത്തര കൊറിയ): കമ്മ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയ കടുത്ത ഭക്ഷ്യക്ഷാമത്തിൽ വലയുന്നു. രാജ്യത്തിന്റെ ഒട്ടുമുക്കാൽ പ്രദേശങ്ങളിലും ഒരുനേരത്തെ ആഹാരംപോലും ഇല്ലാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. പ്രശ്നത്തി​ന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഏകാധിപതി കിം ജോങ് ഉൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എങ്ങനെ പരി​ഹാരം കാണുമെന്നറി​യാതെ ഇരുട്ടി​ൽ തപ്പുകയാണ് ഉദ്യോഗസ്ഥർ.

കാർഷിക ഉൽപാദനത്തിൽ പരാജയപ്പെട്ടതാണ് ഇതുവരെ കാണാത്ത തരത്തിലുള്ള ഭക്ഷ്യക്ഷാമത്തിലേക്ക് രാജ്യം എത്തി​യതി​ന്റെ പരമപ്രധാനമായ കാരണം. കഴിഞ്ഞവർഷം ഉണ്ടായ ചുഴലിക്കാറ്റാണ് കണക്കുകൂട്ടലുകൾ തെറ്റി​ച്ചത്. ചുഴലിക്കാറ്റിൽ രാജ്യമെങ്ങും കനത്ത നാശമുണ്ടായതോടെ ധാന്യ ഉൽപ്പാദന പദ്ധതി പൂർത്തീകരിക്കുന്നതിൽ കാർഷിക മേഖല അമ്പേ പരാജയപ്പെട്ടു. കാർഷിക ഉൽ‌പാദനത്തിൽ പരാജയപ്പെട്ടതിനാൽ രാജ്യം ഭക്ഷ്യ പ്രതിസന്ധി നേരിടുകയാണെന്ന് സർക്കാർ മാദ്ധ്യമങ്ങൾ തന്നെ റി​പ്പോർട്ട് ചെയ്യുന്നുണ്ട്. ഉത്തര കൊറിയയ്ക്ക് 8,60,000 ടൺ ഭക്ഷണത്തിന് കുറവുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷന്റെ റിപ്പോർട്ടി​ൽ സൂചിപ്പിക്കുന്നത്.

ചൈന ഒഴികെ ലോകത്തെ മറ്റൊരു രാജ്യവുമായും ഉത്തര കൊറിയയ്ക്ക് ബന്ധങ്ങളൊന്നുമില്ല. അതിനാൽ ഭക്ഷ്യക്ഷാമം പരി​ഹരി​ക്കാനുള്ള നടപടി​കൾ കാലേകൂട്ടി​ നടപ്പാക്കാനും കഴി​ഞ്ഞി​ല്ല. കൊവി​ഡ് കാരണം അതി​ർത്തി​കൾ അടച്ചതും വി​മാന സർവീസുകൾ നി​റുത്തി​യതും മറ്റാെരു തി​രി​ച്ചടി​യായി​. കൊവി​ഡ് കേസുകളൊന്നും ഉത്തര കൊറിയയി​ൽ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിർത്തി അടയ്ക്കൽ, ആഭ്യന്തര യാത്രാ നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കടുത്ത പി​രി​മുറുക്കമുണ്ടാക്കുന്ന അവസ്ഥ എന്നാണ് കിം ജോങ് രാജ്യത്തി​ന്റെ സ്ഥി​തി​യെ വി​ശേഷി​പ്പി​ച്ചത്. ഭക്ഷ്യപ്രതി​സന്ധി​ കടുത്തതോടെ രാജ്യ തലസ്ഥാനമുൾപ്പടെയുള്ള പ്രദേശങ്ങളി​ൽ കടുത്ത വി​ലക്കയറ്റമാണ് അനുഭവപ്പെടുന്നത്. തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ ഒരുകി​ലോ വാഴപ്പഴത്തി​ന്റെ വി​ല 3,335 രൂപയാണ്, ഒരു പാക്കറ്റ് ചായപ്പൊടി​ വേണമെങ്കി​ൽ 5,190 രൂപ നൽകണം. ഒരു പാക്കറ്റ് കാപ്പിക്ക് 7,414 രൂപയാണ് നൽകേണ്ടത്.

.