maruti-

ന്യൂഡൽഹി: ഉത്‌പാദനച്ചെലവേറിയതിനാൽ നടപ്പുവർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ കാറുകളുടെ വില ഉയർത്തുമെന്ന് സൂചിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. എത്രതുകയാണ് ഉയർത്തുകയെന്ന് മാരുതി വ്യക്തമാക്കിയില്ല. 2.99 ലക്ഷം രൂപ വിലയുള്ള (ന്യൂഡൽഹി എക്‌സ്‌ഷോറൂം) ഹാച്ച്ബാക്കായ ഓൾട്ടോ മുതൽ 12.39 ലക്ഷം രൂപയുടെ എസ്-ക്രോസ് വരെ വൈവിദ്ധ്യമാർന്ന നിരവധി മോഡലുകൾ മാരുതിക്കുണ്ട്.

ജനുവരിയിൽ വിവിധ മോഡലുകൾക്ക് 34,000 രൂപവരെയും ഏപ്രിലിൽ 1.6 ശതമാനവും വില വർദ്ധന മാരുതി നടപ്പാക്കിയിരുന്നു. കൊവിഡിൽ അസംസ്കൃതവസ്‌തുക്കളുടെ വില കുത്തനെ കൂടിയതാണ്, മോഡലുകളുടെ വില കൂട്ടാൻ വാഹന നിർമ്മാണ കമ്പനികളെ നിർബന്ധിതരാക്കുന്നത്.