കേപ്പ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ ക്വഹ്‌ലതിയിൽ വജ്രം കുഴിച്ചെടുക്കാനെത്തിയവരെ നിരാശരാക്കി കൊണ്ട് കല്ലുകൾ വജ്രമെന്ന് തോന്നിപ്പിക്കുന്ന ക്വാർട്സ്(quartz) അഥവാ വെറും സ്ഫടികക്കല്ലുകൾ ആണെന്ന് അധികൃതർ വ്യക്തമാക്കി.
ഈ കല്ലുകൾക്ക് വജ്രവുമായി താരതമ്യം ചെയ്യുമ്പോൾ വില വളരെ കുറവാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ജോഹന്നാസ്ബർഗിൽ നിന്ന് 300 കിലോ മീറ്റർ അകലെയാണ് കല്ലുകൾ കണ്ടെത്തിയ സ്ഥലം. ഈ ഭാഗത്ത് നിലവിൽ വജ്രഖനികളില്ല. എന്നാൽ, ലാവാശിലകൾ ധാരാളമായി കാണപ്പെടുന്ന പ്രദേശമായതിനാൽ സ്ഫടികശിലകളുടെ സാന്നിദ്ധ്യം ഉറപ്പാണെന്ന് വിദഗ്ദ്ധർ
പറയുന്നു. എന്തായാലും വജ്രവാർത്തയെ തുടർന്ന് ക്വഹ്ലതിയിൽ എത്തിയ അധികൃതരോട് അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യത്തെക്കുറിച്ച് ജനങ്ങൾ പരാതി പറഞ്ഞു. ഇവയെല്ലാം പരിഹരിക്കാമെന്ന് അധികൃതർ ജനങ്ങൾക്ക് ഉറപ്പു നൽകി. വജ്രം തേടി പ്രദേശത്ത് തുടരുന്നവരോട് എത്രയും പെട്ടെന്ന് പിരിഞ്ഞു പോകാനും അധികൃതർ നിർദ്ദേശിച്ചു.
@ സംഭവം ഇങ്ങനെ
ജൂൺ ഒൻപതിന് ക്വഹ്ലതിയിൽ നിന്ന് കല്ലുകൾ ഒരു ആട്ടിയന് ലഭിച്ചതോടെയാണ് ജനങ്ങൾ പ്രദേശത്ത് വജ്രമുണ്ടെന്ന ധാരണയിൽ എത്തിയത്. പ്രദേശത്ത് കുഴിച്ചവരിൽ പലർക്കും ഈ കല്ലുകൾ ലഭിച്ചു. കല്ലിന്റെ ചിത്രങ്ങൾ നഗരത്തിലുള്ളവർക്ക് ലഭിച്ചതോടെ വജ്രം തേടി ആളുകൾ കൂട്ടത്തോടെ ക്വഹ്ലതിയിലെത്തി. 13 മുതൽ ജനങ്ങളുടെ ഒഴുക്ക് നിയന്ത്രണാതീതമായതോടെ പ്രദേശത്ത് ഖനനത്തിന് ഇറങ്ങുന്നവരോട് പിരിഞ്ഞുപോകണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടു. കൂടാതെ, ഗവൺമെന്റ് ജിയോസയന്റിസ്റ്റുകളും മൈനിംഗ് വിദഗ്ദ്ധരുമെത്തി സാംപിളുകൾ ശേഖരിക്കുകയും ചെയ്തു.