jammu-kashmir

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ സോപോരയിൽ ഇന്നലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ ഭീകരസംഘടനയായ ലഷ്‌കർ ഇ തോയ്ബയിലെ മൂന്ന് ഉന്നത കമാൻഡർമാരെ സൈന്യം വധിച്ചു. പാകിസ്ഥാൻ പൗരനായ അബ്ദുള്ള എന്നറിയപ്പെടുന്ന അസ്റാർ,​ ലഷ്കറിലെ പ്രധാന നേതാക്കളിലൊരാളായ മുദാസിർ പണ്ഡിറ്റ്, ​ഖുർഷിദ് മിർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികന് പരിക്കേറ്റു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സോപോറിലെ ഗുണ്ഡ് ബ്രാത്തിലാൽ പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കാശ്‌മീർ ഐ.ജി വിജയ് കുമാർ അറിയിച്ചു. കാശ്‌മീരിൽ കഴിഞ്ഞയിടെ മൂന്ന് പൊലീസുകാർ, രണ്ട് കൗൺസിലർമാർ, രണ്ട് പ്രദേശവാസികൾ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രധാനിയാണ് മുദാസിർ പണ്ഡിറ്റ്. ഇയാൾക്കെതിരെ 18 കേസുകളും ഖുർഷിദിനെതിരെ ആറു കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് എ.കെ. 47,​ നിരവധി വെടിയുണ്ടകൾ,​ സ്ഫോടക വസ്തുക്കൾ തുടങ്ങിയവയും ഭീകരരിൽ നിന്ന് പിടിച്ചെടുത്തു.