diana-and-charles

ലണ്ടൻ: മുൻ ഭാര്യ ഡയാന രാജകുമാരിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ചാൾസ്​ രാജകുമാരനെ ചോദ്യം ചെയ്​തിരുന്നതായി സ്​കോട്​ലൻഡ്​ യാഡ്​ മുൻ മേധാവി ലോഡ്​ സ്റ്റീവൻസിന്റെ വെളിപ്പെടുത്തൽ. തന്നെ വധിക്കാൻ ചാൾസ്​ രാജകുമാരൻ പദ്ധതിയിടുന്നതായി ഡയാന എഴുതിവച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലെന്നാണ് റിപ്പോർട്ട്. ​സെന്റ് ജയിംസ്​ കൊട്ടാരത്തിൽ അതീവരഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ.

വാഹനത്തിന്റെ നിയന്ത്രണം​ നഷ്​ടമായി തലയ്ക്ക് പരിക്കേറ്റ്​ താൻ മരിക്കുമെന്നും അതുവഴി ചാൾസിന്​ ടിഗ്ഗി ലെഗ്​ ബൂർകിനെ വിവാഹം ചെയ്യാനാകുമെന്നുമായിരുന്നു ഡയാനയുടെ കത്തിലെ ഉള്ളടക്കം.

രണ്ടാമത് വിവാഹം കഴിച്ച കമീല പാർകറുമായുള്ള ബന്ധത്തെ പോലും ഗൗരവത്തോടെയല്ല ചാൾസ്​ കണ്ടിരുന്നതെന്നും കത്തിൽ ‌ഡയാന കുറ്റപ്പെടുത്തിയിരുന്നു. മരണത്തിന്​ രണ്ട്​ വർഷം മുമ്പ്​ ഈ കത്ത്​ എന്തിനുവേണ്ടിയാണ്​ ഏഴുതിയതെന്ന്​ മനസ്സിലായിരുന്നില്ലെന്ന്​ സ്റ്റീവൻസ്​ പറയുന്നു.

കാമുകൻ ദോദി അൽഫയാദും ഡ്രൈവർ ഹെന്റി പോളുമൊത്ത്​ മേഴ്​സിഡസ്​ കാറിൽ സഞ്ചരിക്കവെ പാരിസിലെ ടണലിൽ നിയന്ത്രണം വിട്ട് വാഹനം ഇടിച്ച് തകരുകയായിരുന്നു.