covid-19

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മഹാമാരിയിൽ മാതാപിതാക്കളെയും രക്ഷിതാക്കളെയും നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നേരത്തെ മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെടുകയും ഇപ്പോള്‍ അവശേഷിക്കുന്ന ആള്‍ കൂടി നഷ്ടപ്പെട്ട് പൂര്‍ണമായി രക്ഷിതാക്കളെ നഷ്ടപ്പെട്ടതോ അല്ലെങ്കില്‍ മറ്റെതെങ്കിലും രക്ഷിതാവിന്റെ സംരക്ഷണയില്‍ കഴിയുകയും അവരെ നഷ്ടപ്പെടുന്ന അവസ്ഥയിലും ധനസഹായത്തിന് അര്‍ഹത ഉണ്ടാവുമെന്ന് ഉത്തരവില്‍ പറയുന്നു

വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നും 2000 രൂപ വീതം, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ കുട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേയ്ക്ക് മാസം തോറും നിക്ഷേപിക്കുന്നതാണ്. ഈ കുട്ടികളുടെ പേരില്‍ 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും തുടങ്ങും. ഇതിന്റെ ചെലവിന് ആവശ്യമായ പണം ധനവകുപ്പ് അനുവദിക്കും. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്.

കൊവിഡില്‍ മാതാപിതാക്കള്‍ എന്നതിന് ഒപ്പം രക്ഷിതാക്കളെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കൂടി ധനസഹായം അനുവദിക്കുന്ന വിധമാണ് ധനസഹായം.. ഇത്തരത്തില്‍ 74 കുട്ടികള്‍ സംസ്ഥാനത്ത് ഉണ്ട് എന്നാണ് സര്‍ക്കാരിന്റെ ഏകദേശ കണക്ക്. കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്ന വരെ സര്‍ക്കാര്‍ സംരക്ഷണം ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി.