black-magic

ബംഗളൂരു: ബംഗളൂരുവിൽ ദുർമന്ത്രവാദത്തിനായി പെൺകുട്ടിയെ ബലിനൽകാനുള്ള ശ്രമം ബന്ധുക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞു. സംഭവത്തിൽ പൂജാരി അടക്കം അഞ്ചുപേരെ പിടികൂടി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നെലമംഗലക്ക് സമീപം ഗാന്ധി ഗ്രാമയിൽ ജൂൺ 14നായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി ആവശ്യാർത്ഥം മറ്റൊരിടത്തായതിനാൽ നാലാം ക്ലാസുകാരിയെ അമ്മൂമ്മയ്ക്കൊപ്പം വീട്ടിലാക്കി. സംഭവ ദിവസം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസികളായ സാവിത്രമ്മ, സൗമ്യ എന്നിവർ സമീപത്തെ വയലിലേക്ക് എടുത്ത് കൊണ്ടുപോയി. എന്നിട്ട് ബലമായി ഒരു മാല ധരിപ്പിക്കുകയും ശേഷം പൂജാ കർമങ്ങൾ തുടങ്ങിയെന്നും പെൺകുട്ടി പറഞ്ഞു.

പെൺകുട്ടിയെ കാണാതായതോടെ അമ്മൂമ്മ തെരച്ചിൽ നടത്തി. പ്രദേശവാസികളും കുട്ടിയെ അന്വേഷിച്ചു. ഇതിനിടെ സമീപത്തെ വയലിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേൾക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയെ രക്ഷപെടുത്തിയത്. കുട്ടിയുടെ മാതാപിതാക്കളെത്തി പൊലീസിൽ പരാതി നൽകി.