v-muraleedharan

തിരുവനന്തപുരം: ദരിദ്ര്യ ജനവിഭാഗങ്ങൾക്ക് നൽകാൻ കേന്ദ്രം അനുവദിച്ച 596.65 ടൺ കടല സംസ്ഥാന സർക്കാർ വിതരണം ചെയ്യാതെ പുഴുവരിച്ച് ഉപയോഗ ശൂന്യമായി എന്ന പത്ര വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കൊവിഡിനെ തുടർന്ന് ദുരിതത്തിലായ പാവപ്പെട്ട ജനങ്ങൾ പട്ടിണിയിലാവരുതെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം സംസ്ഥാനങ്ങൾക്ക് കൂടുതൽ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്ത് അനുവദിച്ച ഭക്ഷ്യധാന്യങ്ങൾ കേരളത്തിൽ അർഹതപ്പെട്ട കൈകളിൽ എത്തിയിട്ടില്ലെന്നത് ഏറെ സങ്കടകരമാണെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ അനാസ്ഥയാണ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്ന റേഷൻ കാർഡ് ഉള്ള കുടുംബങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന കടല നശിക്കാൻ കാരണം. കേന്ദ്ര പദ്ധതികൾ ജനങ്ങളിൽ എത്താതിരിക്കാനുള്ള ആസൂത്രിത നീക്കമാണോ ഇതിന് പിന്നിൽ എന്ന് സമഗ്ര അന്വേഷണം വേണം. കേന്ദ്ര പദ്ധതികളോട് സംസ്ഥാനം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ കാണിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

പ്രധാന മന്ത്രി ഭവന പദ്ധതി പ്രകാരം പാവപ്പെട്ടവരുടെ വീട് നിർമ്മാണത്തിന് കേന്ദ്രം അനുവദിച്ച 195.82 കോടി രൂപ സംസ്ഥാനം ചെലവഴിക്കാതെ പാഴാക്കിയ സി.എ.ജി റിപ്പോർട്ട് പുറത്ത് വന്നതും അടുത്തിടെയാണ്. 2016 -2017 വർഷത്തിലും 2017 -18 വർഷങ്ങളിലുമായി 42431 വീടുകൾ പ്രധാനമന്ത്രി ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 16101 വീടുകൾ മാത്രമാണ് നിർമ്മിച്ചത്. പൈപ്പ് വഴി എല്ലാ വീടുകളിലും ശുദ്ധ ജലമെത്തിക്കാൻ ലക്ഷ്യമിടുന്ന ജൽ ജീവൻ മിഷനും കേരളത്തിൽ അർഹതയുള്ള കുടുംബങ്ങളിൽ എത്തുന്നില്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഈ വർഷം 404.25 കോടി രൂപ ജൽ ജീവൻ മിഷൻ നടപ്പാക്കാൻ കേന്ദ്ര അനുവദിച്ചപ്പോൾ മുൻ വർഷത്തെ അവസ്ഥ ഉണ്ടാകരുതെന്ന് നിർദേശം നൽകിയതും ഓർക്കണം. പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുന്ന സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണ്. വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയം നോക്കി മാത്രം നടപ്പാക്കുന്ന സമീപനം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. വികസനത്തിൽ രാഷ്ട്രീയം നോക്കാതെ മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.