prasant-kishor

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരായ സംയുക്ത പോരാട്ടത്തിനുളള അവസരമൊരുക്കി പ്രതിപക്ഷ പാർട്ടികളുടെ യോ​ഗം വിളിച്ച് എൻ.സി.പി നേതാവ് ശരത് പവാർ. 2024ൽ നടക്കാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെയും അടുത്തവർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെയും ലക്ഷ്യംവെച്ചാണ് നടപടിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പവാർ യോ​ഗം വിളിച്ചത് എന്നത് ശ്രദ്ധേയമാണ്.

പവാറിന്റെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തിലേക്ക് ആര്‍.ജെ.ഡി, എ.എ.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടെ 15 പാര്‍ട്ടികളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. യശ്വന്ത് സിന്‍ഹ, ഫറൂഖ് അബ്ദുള്ള, എ.പി. സിംഗ്, പവന്‍ വര്‍മ, സജ്ഞയ് സിംഗ്, ഡി. രാജ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തേക്കും. അതേസമയം, കോൺ​ഗ്രസിനെ യോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്‍.ഡി.എയെ നേരിടാന്‍ വിവിധ പ്രാദേശിക പാര്‍ട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാനും മൂന്നാം മുന്നണി രൂപീകരിക്കാനുമാണ് പവാറിന്റെ നീക്കമെന്നാണ് സൂചന.

മോദി സഖ്യത്തിനെതിരായി 'മിഷൻ 2024' എന്ന പ്ലാൻ പ്രശാന്ത് കിഷോർ ഒരുക്കുന്നതായ അഭ്യൂഹങ്ങൾ നേരത്തെ തന്നെ സജീവമാണ്. അതിനിടെയാണ് രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണ പ്രശാന്ത്-പവാർ കൂടിക്കാഴ്ച നടന്നിരിക്കുന്നത്. 2014ൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച വ്യക്തികൂടിയാണ് പ്രശാന്ത്. പശ്ചിമ ബം​ഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന് മിന്നും ജയം സമ്മാനിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണ രം​ഗത്തു നിന്നും വിടപറയുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. എന്നിരുന്നാലും പ്രശാന്തിന്റെ നീക്കങ്ങളെ ബി.ജെ.പി അടക്കമുളള രാഷ്ട്രീയ പാർട്ടികൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.