ll

രുവനന്തപുരം ∙ കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. കൊവിഡ് ബാധിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖാദറിന് ന്യൂമോണിയയും ബാധിച്ചതിനെത്തുടർന്ന് നില ഗുരുതരമായി തുടരുകയായിരുന്നു. രാത്രി 12.20 നായിരുന്നു അന്ത്യം.

1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്‌ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍ പിള്ള. മാതാവ് റാബിയത്തുല്‍ അദബിയ ബീവി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്നിക്കിൽനിന്ന് എൻജിനീയറിംഗ് ഡിപ്ലോമ നേടി. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽനിന്ന് എ.എം.ഐ.ഇ പാസായി

മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), ഏതോ ജന്മ കല്പനയിൽ (പാളങ്ങൾ), അനുരാഗിണി ഇതായെൻ (ഒരു കുടക്കീഴിൽ), ശരറാന്തൽ തിരിതാഴും (കായലും കയറും) തുടങ്ങിയവയടക്കം അവയിൽ പലതും എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ ഭാഗമാണ്. പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു.