accident

കോഴിക്കോട്: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് സംഘത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മൂന്ന് കാറുകളിലാണ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് കൊടുവള്ളിയിൽ നിന്നുള്ള സംഘമെത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം വാങ്ങാനാണ് ഇവർ എത്തിയത്. 15 അംഗ സംഘത്തിലെ എട്ടുപേരെ ഇന്നലെ പിടികൂടിയിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം വാങ്ങാൻ വന്നവരും, ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും തമ്മിൽ ചേസിംഗ് ഉണ്ടായെന്നും, ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഇന്നലെ പുലർച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചത്. പാലക്കാട് ചെർപ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.