vismaya

കൊല്ലം: വിസ്‍മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെതിരെ വകുപ്പുതല നടപടിക്കുള്ള നീക്കം പുരോഗമിക്കുന്നതായി സൂചന. മോട്ടോര്‍വാഹന വകുപ്പില്‍ എ എം വി ഐ ആയ കിരണിനെ ഉടന്‍ സസ്‍പെന്‍ഡ് ചെയ്യുമെന്നും ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി പുരോഗമിക്കുകയാണെന്നും മോട്ടോര്‍വാഹന വകുപ്പ് അധികൃതർ അറിയിച്ചു. നിലവില്‍ പൊലീസ് കസ്റ്റഡിയിലായ കിരണിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ക്കെതിരെ കേസെടുത്താല്‍ ഉടന്‍ സസ്‍പെന്‍ഡ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്.

കിരണിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉള്‍പ്പടെ ഉയരുന്നത്. സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും കിരണിനെതിരെ നടപടി സ്വീകരിക്കാത്ത മോട്ടോർ വാഹന വകുപ്പിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിലും കടുത്ത അമര്‍ഷമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. കടുത്ത ഞെട്ടലിലാണ് കിരണിനെ അറിയാവുന്ന ഉദ്യോഗസ്ഥരിൽ പലരും.

ഔദ്യോഗിക വേഷത്തില്‍, ഡിപ്പാര്‍ട്ട്മെന്‍റ് വാഹനത്തിനൊപ്പമുള്ള കിരണിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രചരിക്കുന്നത് കടുത്ത നാണക്കേടാണ് തങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാനാണ് അധികൃതരുടെ നീക്കം.