വിശ്വഗുരുവായ ശ്രീനാരായണഗുരുദേവന്റെ ശിഷ്യനും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായിരുന്ന മാധവാനന്ദസ്വാമിയുടെ 32-ാം സമാധിവാർഷിക ദിനമാണ് ഇന്ന്.
കോട്ടയം ജില്ലയിലെ മാന്നാനത്തെ പുരാതന ഈഴവകുടുംബമായ കുന്നത്തുപറമ്പിൽ അയ്യൻ, കൊച്ചുപെണ്ണ് ദമ്പതികളുടെ മൂത്തമകനായി പിറന്ന മാധവനാണ് പിന്നീട് മാധവാനന്ദസ്വാമിയായി മാറിയത്. 1906 മേയ് മാസത്തിലെ പൂരുരുട്ടാതി നക്ഷത്രത്തിലായിരുന്നു ജനനം.
നന്നേ ചെറുപ്പത്തിൽ തന്നെ ഭൗതിക ജീവിതത്തോടു വിരക്തി തോന്നിയ മാധവൻ ആത്മീയജീവിതത്തിൽ കൂടുതൽ ആകൃഷ്ടനായി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വീടുവിട്ടിറങ്ങിയ മാധവൻ പുണ്യകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും തീർത്ഥാടനം നടത്തി. കൈനകരി ഇളംകാവ് ക്ഷേത്രത്തിൽ ശാന്തിക്കാരനായാണ് വൈദികവൃത്തി ആരംഭിച്ചത്. അതിനിടെ 1923-ൽ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ വെച്ച് ശ്രീനാരായണഗുരുദേവനെ നേരിൽ കാണുകയും അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങുകയും ചെയ്തു.
ഗുരുദേവദർശനത്തിനു ശേഷം ഗുരുവിന്റെ അമാനുഷികപ്രഭയാൽ ആകർഷിക്കപ്പെട്ട മാധവനിൽ ഗുരുവിനെ വീണ്ടും കാണുവാനും ഗുരുവിന്റെ പാത പിന്തുടരുവാനുമുള്ള അതിയായ ആഗ്രഹം ഉടലെടുത്തു. 1923-ൽ തന്നെ മാധവന്റെ പിതാമഹന്റെ സഹോദരൻ കൊച്ചുകണ്ഠനും മകൻ നീലകണ്ഠനും ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ ദർശിച്ച് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കുന്നത്തുപറമ്പിൽ കുടുംബാംഗങ്ങളുടെ ക്ഷണം സ്വീകരിച്ച് ശ്രീനാരായണഗുരുദേവൻ 1924-ൽ ആദ്യമായി മാന്നാനം സന്ദർശിച്ചു. ഇതോടെ കൊച്ചുകണ്ഠന്റെ മകൻ ദാമോദരൻ (കൊച്ചുപാപ്പൻ) ഗുരുദേവശിഷ്യനായി ഗുരുവിനൊപ്പം കൂടുകയുണ്ടായി.
തുടർന്ന്,ഗുരുദേവദർശനങ്ങളിൽ ആകൃഷ്ടനായ മാധവൻ 1925-ൽ ശിവഗിരിയിലെത്തി ഗുരുവിൽ നിന്നു പ്രസാദം സ്വീകരിച്ചുകൊണ്ട് ഗുരുദേവന്റെ ശുശ്രൂഷകനായി ഗുരുസേവ അനുഷ്ഠിച്ചുതുടങ്ങി. ഗുരുദേവനെ റിക്ഷയിൽ കയറ്റി വലിക്കുവാനുള്ള ഭാഗ്യം പലപ്പോഴും മാധവനു കൈവന്നിരുന്നു. നല്ല ആരോഗ്യവാനായിരുന്നതിനാൽ ഗുരുദേവന്റെ റിക്ഷവലിക്കുമ്പോൾ വളരെ വേഗത്തിൽ വലിക്കുക പതിവായിരുന്നു. ഒരിക്കൽ മാധവൻ തിടുക്കത്തിൽ റിക്ഷ എടുത്ത് മുമ്പോട്ടു വലിക്കാൻ ശ്രമിച്ചിട്ട് സാധിച്ചില്ല. റിക്ഷ ഒരടിപോലും മുന്നോട്ടു നീക്കാൻ കഴിഞ്ഞില്ല. ''എന്താ മാധവാ?'' എന്ന് ഗുരുദേവൻ ചോദിച്ചപ്പോൾ കാര്യം മനസിലാക്കിയ മാധവൻ മാപ്പാക്കണമെന്ന അപേക്ഷയോടെ ഗുരുദേവന്റെ പാദങ്ങളിൽ വീണു നമസ്‌കരിച്ചു. 'സാരമില്ല മാധവാ, റിക്ഷ വലിച്ചോളൂ' എന്ന് ഗുരുദേവൻ പറഞ്ഞപ്പോഴേയ്ക്കും മാധവന് റിക്ഷ വലിക്കാൻ കഴിയുകയും ചെയ്തു. ഇക്കാര്യങ്ങൾ മാധവാനന്ദസ്വാമി കുടുംബാംഗങ്ങളോടു പറഞ്ഞ് അറിഞ്ഞിട്ടുള്ളതാണ്.
സന്യാസം സ്വീകരിച്ച മാധവൻ മാധവാനന്ദസ്വാമിയായി. ഗുരുവിന്റെ അന്ത്യനാളുകൾ വരെ പിന്തുടരാനും പരിചരിക്കാനുമുള്ള ഭാഗ്യം മാധവാനന്ദസ്വാമിക്കു കൈവന്നു. 1927 ജൂൺ മാസത്തിൽ ഉല്ലല ഓംകാരേശ്വരം ക്ഷേത്രപ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരുദേവനോടൊപ്പം മാധവാനന്ദ സ്വാമിയും ഉണ്ടായിരുന്നു. ഗുരുദേവൻ മഹാസമാധിയായ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചവരിൽ ഒരാളാകാനും മാധവാനന്ദ സ്വാമിക്കു കഴിഞ്ഞു
വർക്കല ശിവഗിരി ശാരദാമഠത്തിലെ ശാന്തിയായും തുടർന്ന് കാൽനൂറ്റാണ്ട് കാലം ആലുവ അദ്വെെതാശ്രമത്തിന്റെ സെക്രട്ടറിയായും മാധവാനന്ദസ്വാമി സേവനമനുഷ്ഠിച്ചു. 1984 ജൂൺ 27 ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ ഖജാൻജിയായി. 1988 ജൂൺ 26ന് ശിവഗിരി ധർമ്മസംഘ ട്രസ്റ്റിന്റെ പ്രസിഡന്റായി മാധവാനന്ദസ്വാമി തിരഞ്ഞൈടുക്കപ്പെട്ടു.
ആശ്രമാധിപതികളുടെ ഗുണങ്ങൾ ശ്രീനാരായണ ഗുരുദേവൻ 'ആശ്രമം' എന്ന കൃതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗുരു അരുൾ പോലെ തന്നെ എല്ലാവരെയും ഒരുപോലെ കാണാനും സ്‌നേഹിക്കാനും ശാന്തനും സൗമ്യശീലനുമായ മാധവാനന്ദ സ്വാമിക്കു കഴിഞ്ഞിരുന്നു. ഗുരുദേവശിഷ്യനെന്ന മഹത്വം ജീവിതാവസാനം വരെയും സ്വാമിയുടെ സമീപനങ്ങളിലും സംഭാഷണത്തിലുമെല്ലാം പ്രകടമായിരുന്നു.
1989 ജൂൺ 27 ന് -ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി ഒരു വർഷം തികഞ്ഞതിന്റെ പിറ്റേന്ന്, 83-ാം വയസിൽ മാധവാനന്ദസ്വാമി സമാധിയായി. 32-ാം സമാധിവാർഷികദിനമായ ഇന്ന് ശിവഗിരിയിലെ മാധവാനന്ദസ്വാമി സമാധിയിൽ പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനയും നടത്തും. ഇതിലൊക്കെ ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരോടൊപ്പം മാധവാനന്ദസ്വാമിയുടെ മൂലകുടുംബമായ മാന്നാനത്തെ കുന്നത്തുപറമ്പിൽ കുടുംബയോഗാംഗങ്ങളും പങ്കെടുക്കും.
(ലേഖകൻ കുന്നത്തുപറമ്പിൽ കുടുംബയോഗം പ്രസിഡന്റാണ് )